ഉപ്പള (www.mediavisionnews.in) : ഉപ്പളയിൽനിന്നു അധികം ദൂരെയല്ലാത്ത കനിയാല പ്രദേശത്തുകാരോട് എം.പിയും, എം.എൽ.എയും അവഗണന കാണിക്കുന്നതായി പ്രദേശത്തുകാർ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദ്ധാനവുമായി കടന്നു വന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഈ പ്രദേശത്തുകാരെ മറക്കുന്നു.
രണ്ടു മൂന്നു സ്കൂളുകളിലായി മുന്നോറോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന പ്രദേശത്തു എട്ടു കിലോ മീറ്ററോളം റോഡ് ചളിക്കുളമായതിനാൽ സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ പാതി വഴിയിൽ ഇറക്കിവിടുന്നു. രാവിലെ വെള്ള യൂണിഫോമിട്ടു സ്കൂളിലേക്ക് പോകുന്ന കുട്ടികൾ ചുവപ്പുകളറുമായാണ് സ്കൂളിലെത്തുന്നതെന്ന് അധ്യാപകരും പറയുന്നു.
വർഷങ്ങൾക്കു മുമ്പ് പ്രദേശത്തു ഒരു പാലം നിർമിക്കാൻ കരാർ നൽകിയിരുന്നു. പാലം പണി പൂർത്തിയാകാതെ ബിൽ തുകയുമായി കരാറുകാരൻ മുങ്ങി. നാട്ടുകാരുടെ മുറവിളിയെ തുടർന്ന് അഞ്ചു വർഷം മുമ്പ് റോഡ് ചെറിയ രീതിയിൽ അറ്റകുറ്റ പണി നടത്തിയതൊഴിച്ചാൽ ഏകദേശം ഇരുപത് വർഷത്തോളമായി ഇവിടെ ടാർ പോലും ചെയ്തിട്ടില്ല.
മുപ്പതു രൂപ ഓട്ടോ ചാർജുള്ള ഇവിടേക്ക് അറുപതു രൂപ നൽകിയാലും വരാൻ ഓട്ടോക്കാർ മടിക്കുന്നു. അത്രക്കും തകർന്ന രീതിയിലാണ് റോഡ്. ഉൾപ്രദേശമായതിനാലാണോ ഞങ്ങളോട് ഇത്ര അവഗണന എന്ന് നാട്ടുകാർ ചോദിക്കുന്നു. ഇനിയും അവഗണന തുടർന്നാൽ ശക്തമായ പ്രക്ഷോഭം നടത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാർ.