ഉപരോധത്തെ മറികടന്ന് ഖത്തർ കുതിപ്പ്; ലോകകപ്പോടെ സൗദിക്ക് മേൽ നേട്ടം കൊയ്യും

0
273

ദോഹ (www.mediavisionnews.in): സൗദിയുടെയും യു.എ.ഇയുടെയും ശക്തമായ ഉപരോധത്തെ തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോകുന്ന ഖത്തര്‍ അടുത്ത ലോക കപ്പോടെ അറബ് രാഷ്ട്രങ്ങളിലെ നായക സ്ഥാനത്ത് എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്.

അറബ് രാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന സൗദി അറേബ്യന്‍ പുതിയ കിരീട അവകാശി മുഹമ്മദ് ബില്‍ സല്‍മാന്റെ പുത്തന്‍ പരിഷ്‌ക്കാരങ്ങള്‍ യാഥാസ്ഥികരായ ജനങ്ങള്‍ക്കിടയിലും സേനകള്‍ക്കിടയിലും കടുത്ത അതൃപ്തിക്ക് കാരണമായതിനാല്‍ അധികം താമസിയാതെ തന്നെ ആഭ്യന്തര സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്ക അറബ് ലോകത്തുണ്ട്.

രാജകുടുംബത്തില്‍പ്പെട്ടവരെ അടക്കം ജയിലിലാക്കി കിരീടാവകാശി പ്രകടിപ്പിച്ച ‘കരുത്തിന് ‘ തിരിച്ചടി നല്‍കാന്‍ അഴിക്കുള്ളിലായവരുടെ ബന്ധുക്കളും അവസരം കാത്തിരിക്കുകയാണ്.

ചെറിയ തെറ്റുകള്‍ക്ക് പോലും വലിയ ശിക്ഷ നല്‍കുന്ന സൗദിയുടെ നയമാണ് കടുത്ത ഭിന്നത ഉണ്ടായിട്ടും അത് പുറത്ത് പ്രകടിപ്പിക്കാതെ തല്‍ക്കാലം ‘സഹിക്കാന്‍ ‘ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ സൗദിയുടെ കടുത്ത ശത്രുവായ ഖത്തര്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ ഉണ്ടാക്കുന്ന അടുത്ത ബന്ധങ്ങള്‍ സൗദിയിലെ വിമതര്‍ക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

സൗദിയുടെ അടുത്ത സുഹൃത്തായ അമേരിക്കന്‍ സൈനിക താവളം ഖത്തറില്‍ നിന്നും മാറ്റി റഷ്യയുമായുള്ള സഹകരണമാണ് ഖത്തര്‍ ഭരണാധികാരി അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ലക്ഷ്യമിടുന്നത്.

ഇതിനായി ഇപ്പോള്‍ തന്നെ ചില നീക്കങ്ങള്‍ ഖത്തറിന്റെ ഭാഗത്ത് നിന്നും ഉണ്ടായി തുടങ്ങിയിട്ടുണ്ട്. റഷ്യന്‍ ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങാനുള്ള തീരുമാനവും ഭാവി വെല്ലുവിളി മുന്നില്‍ കണ്ടാണ്.

ഇന്ത്യയുടെ അടുത്ത സുഹൃത്തുകൂടിയായ ഇറാനും പിന്നെ തുര്‍ക്കിയും ആണ് ഇപ്പോള്‍ പരസ്യമായി ഖത്തറിന് ഏറ്റവും അധികം പിന്തുണ നല്‍കി ഉറച്ചു നില്‍ക്കുന്നത്.

ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചാല്‍ ചര്‍ച്ചയാവാം എന്ന സൗദി നിലപാട് ഖത്തര്‍ അമീന്‍ തള്ളിക്കളഞ്ഞത് ഇറാനെ സംബന്ധിച്ച് ഉത്തരവാദിത്യം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ബ്രിട്ടന്‍ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും ഖത്തര്‍ അനുകൂല നിലപാട് സ്വീകരിച്ചത് അമേരിക്കയെയും ഞെട്ടിച്ചിരുന്നു.

2022ലെ ലോകകകപ്പ് വേദി ഖത്തര്‍ ആവാതിരിക്കാന്‍ വലിയ ഇടപെടല്‍ സൗദിയും അമേരിക്കയും നടത്തിയിരുന്നുവെങ്കിലും ഭൂരിപക്ഷ വോട്ടുകള്‍ ഖത്തറിന് അനുകൂലമായതോടെ ‘പണിപാളി’.

ലോകം മുഴുവന്‍ ആവേശത്തോടെ ഉറ്റുനോക്കുന്ന ലോകകപ്പിന് ഖത്തറില്‍ തിരി തെളിയുന്നതോടെ അറബ് രാഷ്ട്രങ്ങളില്‍ ഇപ്പോള്‍ തങ്ങള്‍ക്ക് കിട്ടുന്ന ‘നായക’ സ്ഥാനം കൈവിട്ടു പോകുമോ എന്ന ഭയത്തിലാണ് സൗദി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലോകത്തെ ഏറ്റവും വലിയ ‘കലവറ’യായ ഖത്തറിനെ കൈവിട്ട ഒരു കളിക്കും തങ്ങളില്ലന്ന് ഇന്ത്യയും നിലപാട് വ്യക്തമാക്കി കഴിഞ്ഞു.

സൗദിയുടെ സൈനിക ഭീഷണിയെ ചെറുക്കാന്‍ റഷ്യയുമായുള്ള ഖത്തറിന്റെ അടുത്ത ബന്ധം മുലം ഇതിനകം കഴിഞ്ഞിട്ടുണ്ട്. അമേരിക്കന്‍ സഖ്യകക്ഷികള്‍ക്ക് പോലും ഖത്തറിനോട് താല്‍പ്പര്യം ഉള്ളതും സൗദിയുടെ താല്‍പ്പര്യങ്ങള്‍ക്ക് തിരിച്ചടിയാണ്.

വെല്ലുവിളികള്‍ക്കിടയിലും ലോകകപ്പിനായി ഖത്തര്‍ നടത്തുന്ന തയ്യാറെടുപ്പുകള്‍ രാജ്യത്തിന്റെ ‘ഭാവി’ കൂടി മുന്‍ നിര്‍ത്തിയാണെന്നത് അവരുടെ തയ്യാറെടുപ്പുകളില്‍ നിന്നും തന്നെ വ്യക്തമാണ്.

ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത് ഭാവി നഗരമായ ‘ലൂസെയില്‍’ ആണ്. ദോഹയില്‍ നിന്നും 20 കി.മീ. തെക്കോട്ട് മാറി തീരത്തോട് ചേര്‍ന്നു കിടക്കുന്ന സ്ഥലത്താണ് ഈ നഗരം ഇപ്പോള്‍ വികസിപ്പിക്കുന്നത്. ആധുനിക നഗരമെന്ന ആശയത്തിനും അപ്പുറമാണ് ഈ ലോകകപ്പ് വേദി.

ഏറ്റവും മികച്ച രാജ്യാന്തര നിലവാരം പുലര്‍ത്തുന്ന 22 ഹോട്ടലുകളാണ് ലൂസെയില്‍ നഗരത്തിന്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്.

പ്രധാന സ്റ്റേഡിയത്തിനു പുറമെ ഫിഫയുടെ മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അഞ്ചു പരിശീലന മൈതാനങ്ങളും ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.

ഖത്തറിലെ ആദ്യത്തെ സുസ്ഥിര നഗരമാണ് ലൂസെയില്‍. ബിച്ച്, ദ്വീപ് റിസോര്‍ട്ടുകള്‍, വാണിജ്യകേന്ദ്രങ്ങള്‍, ആഢംബര ഷോപ്പിങ് മാളുകള്‍, ആശുപത്രി, താമസ മേഖലകള്‍, വിനോദ കേന്ദ്രങ്ങള്‍, മനുഷ്യ നിര്‍മ്മിത ദ്വീപുകള്‍ . . തുടങ്ങി നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്തതിനും അപ്പുറമാണ് ഈ വിസ്മയ നഗരത്തില്‍ ഉള്ളത്.

ലോകകപ്പ് മുന്‍ നിര്‍ത്തി ഗതാഗതത്തിനായുള്ള ലൂസെയില്‍ ട്രാം പരീക്ഷണ ഓട്ടം ആരംഭിച്ചു കഴിഞ്ഞു. 38 ചതുരശ്ര കി.മീ വിസ്തീര്‍ണ്ണമുള്ള നഗരത്തില്‍ നാലു ദ്വീപുകളാണുള്ളത്. പൂര്‍ണ സജ്ജമാകുന്നതോടെ 4.50 ലക്ഷം ജനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. 80,000 കാണികളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയാണ് ലൂസെയില്‍ സ്റ്റേഡിയത്തിനുള്ളത്.75% നിര്‍മ്മാണവും ഇവിടെ പൂര്‍ത്തിയായി കഴിഞ്ഞു.

നാലു വര്‍ഷം ബാക്കി ഉണ്ടായിട്ടും ശരവേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഫിഫയേയും ഞെട്ടിച്ചിരിക്കുകയാണ് ഖത്തര്‍.

LEAVE A REPLY

Please enter your comment!
Please enter your name here