ഒരുകാലത്തു ക്യാമ്പസുകളുടെ ലഹരിയായിരുന്നു യമഹ RX100. എണ്‍പതു തൊണ്ണൂറുകളുടെ ആവേശം. യമഹയുടെ ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച ബൈക്ക്. ഇരമ്പിയാര്‍ക്കുന്ന ശബ്ദവും പൊട്ടിത്തെറിച്ചുള്ള കുതിപ്പും, ബൈക്ക് പ്രേമികളുടെ മനസില്‍ അണയാതെ കിടപ്പുണ്ട് ഈ ഓര്‍മ്മകള്‍. യൗവനത്തിന്റെ തുടിപ്പാണ് നിരത്തിലൂടെ ഓടുന്ന ഓരോ RX100 ഉം.മലിനീകരണനിയന്ത്രണ നിയമങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമായതോടെ ടൂ സ്‌ട്രോക്ക് എഞ്ചിനുള്ള RX100 -നെ നിര്‍ത്താന്‍ യമഹ നിര്‍ബന്ധിതരായി. അങ്ങനെ 1996 മാര്‍ച്ചില്‍ RX100 യുഗം വിപണിയില്‍ അവസാനിച്ചു.
എന്നാൽ ഇപ്പോൾ യമഹ RX100 തിരിച്ചുവന്നോ? സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബൈക്കിന്റെ ചിത്രങ്ങള്‍ കണ്ടു മിക്കവരും ആകാംഷയോടെ ചോദിക്കുന്നു. യമഹ RX100 -നെ പൊന്നുംവില കൊടുത്തു വാങ്ങാന്‍ ആളുകള്‍ കാത്തുനില്‍ക്കവെ, താത്കാലിക രജിസ്‌ട്രേഷന്‍ നമ്പറുള്ള ഒരു ‘പുത്തന്‍’ RX100 ഫെയ്‌സ്ബുക്കില്‍ റോന്തുചുറ്റുകയാണ്.
കരുതുന്നതു പോലെ RX100 -നെ കമ്പനി തിരിച്ചു കൊണ്ടുവന്നിട്ടില്ല. തെലങ്കാനയിലെ ഒരു മോഡിഫിക്കേഷന്‍ സ്ഥാപനത്തിന്റെ കരവിരുതാണിത്. RD350 -യുടെ പിന്‍ഗാമിയായി വിപണിയില്‍ എത്തിയ RX100 -നെ ഈ സംഘം ഭംഗിയായി റീസ്റ്റോര്‍ ചെയ്‌തെടുത്തു.
ബൈക്കില്‍ ഇവര്‍ കൃത്യതയോടെ പൂശിയ ഗണ്‍മെറ്റല്‍ (സാറ്റിന്‍ ഗ്രെയ്) നിറമാണ് മോഡല്‍ പുത്തനാണെന്ന പ്രതീതി നല്‍കുന്നത്. പെയിന്റിങ്ങില്‍ എവിടെയും പാകപ്പിഴവില്ല. എഞ്ചിന്‍ ഘടകങ്ങള്‍ക്ക് ലഭിച്ച കറുപ്പ് നിറം ബൈക്കിന്റെ രൂപഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
RX100 -ന്റെ എഞ്ചിന്‍ ഭാഗങ്ങള്‍ക്ക് യമഹ നൽകിയ ക്രോം അലങ്കാരത്തിന് പകരമാണിത്. പുതിയ എഞ്ചിന്‍ ഗാര്‍ഡും ബൈക്കില്‍ ശ്രദ്ധയാകര്‍ഷിക്കും. എന്നാല്‍ വട്ടത്തിലുള്ള ഹെഡ്‌ലാമ്പിന് ഇവര്‍ നല്‍കിയ ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ബൈക്കിന്റെ റെട്രോ ക്ലാസിക് ശൈലിയോട് കാട്ടുന്ന അനീതിയാണെന്നു പറയേണ്ടി വരും.
ആഫ്റ്റര്‍മാര്‍ക്കറ്റ് ഹെഡ്‌ലാമ്പാണ് ബൈക്കില്‍. ഇരട്ടനിറമുള്ള മള്‍ട്ടി സ്‌പോക്ക് അലോയ് വീലുകള്‍ RX100 -ന്റെ പാരമ്പര്യത്തോടു ചേര്‍ന്നു നില്‍ക്കുന്നതല്ല. യമഹ RX100 -ന് ആ പഴയ സ്‌പോക്ക് വീലുകളാണ് ഭംഗി. അതേസമയം അലോയ് വീലുകള്‍ നല്‍കിയ സ്ഥിതിക്ക് ബൈക്കിന് ഡിസ്‌ക് ബ്രേക്ക് നല്‍കാന്‍ ഇവര്‍ തയ്യാറായില്ലെന്നത് നിരാശയുണര്‍ത്തും.
മോഡലിന്റെ മറ്റു ഭാഗങ്ങളിലും ക്രോം അലങ്കാരം നന്നെ കുറവാണ്. പിറകില്‍ കാര്യമായ മാറ്റങ്ങളില്ല. ടെയില്‍ലാമ്പിലും ടേണ്‍ ഇന്‍ഡിക്കേറ്റററുകളിലും പഴയ ചാരുത അനുഭവപ്പെടും. മീറ്റര്‍ കണ്‍സോളിലും മാറ്റങ്ങളില്ല.
98 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിനാണ് ബൈക്കില്‍. 10.84 bhp കരുത്തും 10.39 Nm torque ഉം സൃഷ്ടിക്കാന്‍ സ്റ്റോക്ക് എഞ്ചിന് കഴിയും. നാലു സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഷോക്ക് അബ്‌സോര്‍ബറുമാണ് സസ്‌പെന്‍ഷന് വേണ്ടി ഒരുങ്ങുന്നത്.