13 പേര്‍‌ക്ക് ജിവിതത്തിന്റെ വെളിച്ചമേകി ഡോ. ഹാരിസ് പുറത്തിറങ്ങിയത് സങ്കടക്കടലിലേക്ക്

0
288

ബാങ്കോക്ക് (www.mediavisionnews.in): ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തായ് ഗുഹയിലെ കുട്ടികളെ പുറത്തെത്തിച്ച സന്തോഷത്തിലാണ് ലോകം മുഴുവന്‍. എന്നാല്‍ രക്ഷാദൗത്യത്തിനു നേതൃത്വം നല്‍കിയ ഡോ. റിച്ചാര്‍ഡ് ഹാരിസിന് ആ സന്തോഷം ഏറെ നേരം നിലനിര്‍ത്താനായില്ല ദൗത്യം പൂര്‍ത്തിയാക്കി ഗുഹയ്ക്കുള്ളില്‍നിന്നു പുറത്തിറങ്ങിയ അദ്ദേഹത്തെ തേടിയെത്തിയതു പിതാവിന്റെ മരണവാര്‍ത്തയാണ്. ഗുഹയിലകപ്പെട്ട പതിമൂന്നുപേരെയും ഒരു പോറലുപോലും ഏല്‍ക്കാതെ പുറത്തെത്തിച്ചശേഷം തുലാങ് ഗുഹയില്‍ നിന്ന് അവസാനം പുറത്തിറങ്ങിയത് ഡോ. റിച്ചാര്‍ഡായിരുന്നു. കുട്ടികളും പരിശീലകനും പുറത്തെത്തി മണിക്കൂറുകള്‍ക്കു ശേഷമാണു ഡോ. റിച്ചാര്‍ഡ് പുറത്തെത്തിയത്. എന്നാല്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനു മുന്‍പു തന്നെ റിച്ചാര്‍ഡിനെ തേടി പിതാവിന്റെ മരണവാര്‍ത്ത എത്തുകയായിരുന്നു.

ദക്ഷിണ ഓസ്‌ട്രേലിയയില്‍നിന്നുള്ള അനസ്‌ത്യേഷ വിദഗ്ധനായ ഡോ. റിച്ചാര്‍ഡ് ഹാരിസ്, ഗുഹയില്‍ കുടുങ്ങി മരിച്ച സാഹസിക ഡൈവര്‍ മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതോടെയാണു ശ്രദ്ധേയനായത്. തായ് രക്ഷാദൗത്യത്തിനെത്തിയ ബ്രിട്ടിഷ് സംഘമാണ് റിച്ചാര്‍ഡിന്റെ സേവനം ആവശ്യപ്പെട്ടത്. അവര്‍ വിളിച്ചയുടനെ അദ്ദേഹവും ഡൈവിങ് പങ്കാളി ക്രേഗ് ചെല്ലനും 20 രക്ഷാപ്രവര്‍ത്തകരും അടങ്ങിയ സംഘം ചിയാങ് റായിലെത്തുകയായിരുന്നു. ചിയാങ് റായിലെത്തിയ റിച്ചാര്‍ഡ്, ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച് ഓരോ കുട്ടിയുടെയും ആരോഗ്യനില പരിശോധിച്ച ശേഷമാണ് രക്ഷാസംഘം തുടര്‍നടപടികള്‍ സ്വീകരിച്ചത്. ഓരോരുത്തരെയും പുറത്തിറക്കാനുള്ള ക്രമം നിശ്ചയിച്ചതും അദ്ദേഹമായിരുന്നു.

ഗുഹാദൗത്യത്തില്‍ ഡോ.റിച്ചാര്‍ഡിന്റെ സേവനങ്ങള്‍ അഭിമാനകരമാണെന്നു ദക്ഷിണ ഓസ്‌ട്രേലിയന്‍ ആംബുലന്‍സ് സര്‍വീസ് വൃത്തങ്ങള്‍ പറഞ്ഞു. അസാധാരണ സേവനം കാഴ്ചവെച്ച ഹാരിസിനെയും സംഘത്തെയും ആദരിക്കുമെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here