സൈബര്‍ കേസുകളുടെ അന്വേഷണം ഇനി ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളിലും

0
271

തിരുവനന്തപുരം (www.mediavisionnews.in): സൈബര്‍ കേസുകള്‍ അതത് പോലിസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം.

ഇതിനായി ഓരോ പോലിസ് സ്‌റ്റേഷനിലും രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കി സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്‍ രൂപീകരിച്ചിട്ടുണ്ട്.  ഐടി ആക്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രകാരമുള്ള സൈബര്‍ കേസുകള്‍ നടപടികള്‍ക്കായി സൈബര്‍ സെല്ലില്ലേക്ക് അയയ്ക്കുന്നതിനു പകരം ഈ ഉദ്യോഗസ്ഥരുടെ സഹായത്തോടെ  ഇനിമുതല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍തന്നെ അന്വേഷണം നടത്തും.

സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായവും തേടാം. സങ്കീര്‍ണമായ കേസുകളില്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് സൈബര്‍ സെല്ലിനെ അന്വേഷണം ഏല്‍പ്പിക്കാവുന്നതാണ്.

ഇതിനു പുറമേ, റേഞ്ച് ഐജിമാര്‍ക്ക് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസുകള്‍ സൈബര്‍ കേസുകളുടെ അന്വേഷണത്തിനായി മാത്രം രൂപവല്‍കരിച്ചിട്ടുള്ള സൈബര്‍ പോലിസ് സ്‌റ്റേഷനു കൈമാറാവുന്നതാണ്. നിലവില്‍ ഒരു സൈബര്‍ പോലിസ് സ്‌റ്റേഷന്‍ ആണ് സംസ്ഥാനത്തിലുള്ളത്. സംസ്ഥാന സര്‍ക്കാര്‍ തീരുമാന പ്രകാരമുള്ള മൂന്നു സൈബര്‍ പോലിസ് സ്‌റ്റേഷനുകള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്.

സൈബര്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയവരെ മറ്റു കേസുകളിലെ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതു പോലെ സൈബര്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ചുമതലകള്‍ക്കും ഉപയോഗിക്കാം. എന്നാല്‍, ഇവരെ പൊതുവില്‍ മറ്റു ജോലികള്‍ക്കായി ഉപയോഗിക്കാനോ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലല്ലാതെയോ സ്ഥലം മാറ്റാനോ പാടില്ല.  മറ്റു ചുമതലകള്‍ നല്‍കുകയോ സ്ഥലം മാറ്റമോ അനിവാര്യമായ സന്ദര്‍ഭങ്ങളില്‍ റേഞ്ച് ഐജിമാരുടെ അറിവോടെ മാത്രമേ അതു ചെയ്യാവൂ.

ഇവര്‍ക്കായി തുടര്‍ പരിശീലനങ്ങളും നല്‍കും. ഇതിനായി തിരുവനന്തപുരം റേഞ്ച് ഐജി. മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സൈബര്‍ വിഭാഗത്തിനു പുറമേ, കൂടുതല്‍ സാങ്കേതിക സഹായങ്ങള്‍ക്കായി പോലിസ് ടെലികമ്യൂണിക്കേഷന്‍ വിഭാഗത്തില്‍നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സേവനവും ഓരോ പോലിസ് സ്‌റ്റേഷനിലും ലഭ്യമാക്കും.

പ്രവര്‍ത്തനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഓരോ സ്‌റ്റേഷനിലും സുശക്തമായ ഒരു സാങ്കേതിക വിഭാഗം രൂപവല്‍കരിക്കുക എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here