സാക്കിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ സര്‍ക്കാര്‍

0
268

പുത്രജയ (www.mediavisionnews.in): സലഫി പ്രഭാഷകന്‍ സാകിര്‍ നായികിനെ ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്ന ആവശ്യം തള്ളി മലേഷ്യന്‍ സര്‍ക്കാര്‍. സാകിര്‍ നായികിനെ തിരിച്ചയക്കില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വ്യക്തമാക്കി.

നായിക് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കുന്നില്ല. സ്ഥിര താമസമാക്കിയതിനാല്‍ അദ്ദേഹത്തെ തിരിച്ചയക്കാനാവില്ലെന്നും മഹാതിര്‍ പറഞ്ഞു.

സാകിര്‍ നായികിനെ തിരിച്ചയക്കുന്ന കാര്യം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു. തനിക്ക് നീതി ലഭിക്കും എന്ന് ഉറപ്പുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയിലേക്ക് മടങ്ങി വരികയുള്ളൂ എന്നും അതുവരെ മാതൃ രാജ്യത്തേക്ക് ഇല്ലെന്നും സാകിര്‍ നായിക് പറഞ്ഞിരുന്നു.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അന്യായ വിചാരണ വിശ്വസിക്കുന്നില്ലെന്നും നീതിയും ന്യായവും ഉറപ്പാക്കുന്നതു വരെ ഇന്ത്യയിലേക്കു മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നായിക് പറഞ്ഞിരുന്നു.

സാക്കിര്‍ നായികിനെ ബുധനാഴ്ച രാത്രിയോടെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് ഉന്നത മലേഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നായികിനെ ഇന്ത്യയിലേക്ക് മടക്കി അയയ്ക്കുന്നതു സംബന്ധിച്ച് മലേഷ്യയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിരുന്നു. സാക്കിര്‍ നായിക് മലേഷ്യയില്‍ ഉണ്ടെന്ന വിവരങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ, വിട്ടുകിട്ടാനായുള്ള നടപടികള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആരംഭിച്ചിരുന്നു. മലേഷ്യയെ ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

അഞ്ചുവര്‍ഷം മുന്‍പു മലേഷ്യന്‍ പൗരത്വം നേടിയ സാക്കിര്‍ നായിക് അവിടെ ഉണ്ടെന്നു മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സാഹിദ് ഹമീദി സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ സാക്കിര്‍ നായിക്കിനെ പിടികൂടുന്നതിന് ‘റെഡ് കോര്‍ണര്‍ നോട്ടിസ്’ പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം മതിയായ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ഇന്റര്‍പോള്‍ തള്ളിയിരുന്നു. 2016 ജൂലൈയില്‍ ഇന്ത്യ വിട്ട നായിക് മലേഷ്യയിലാണ് അഭയം തേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here