ബദല്‍ ശോഭായാത്രയ്ക്ക് പിന്നാലെ ആര്‍എസ്‌എസ്സിനെ പ്രതിരോധിക്കാന്‍ രാമായണമാസാചാരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

0
269

തിരുവനന്തപുരം(www.mediavisionnews.in): ശ്രീകൃഷ്ണ ജയന്തിയുടെ ബദല്‍ ശോഭായാത്രയ്ക്കു പിന്നാലെ രാമായണമാസാചരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. സംസ്‌കൃത സംഘം എന്ന സംഘടനയുടെ പേരിലാണ് പാര്‍ടി രാമായണമാസാചരണം സംഘടിപ്പിക്കുക. ക്ഷേത്രങ്ങളും മതാചാരങ്ങളും കൈപ്പിടിയിലാക്കുന്ന ആര്‍എസ്‌എസ് നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനമെന്നാണ് പാര്‍ടി വിശദീകരണം.

ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ നേതൃത്വത്തിലാകും ചടങ്ങുകള്‍. സംസ്‌കൃത പണ്ഡിതര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സംഘടനയാണ് പരിപാടി സംഘടിപ്പിക്കുക. എല്ലാ ജില്ലകളിലും സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, രാമായണപാരായണം എന്നിവ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കും.

ക്ഷേത്രകമ്മിറ്റികള്‍, ഉത്സവങ്ങള്‍ എന്നിവയിലൂടെ ആര്‍എസ്‌എസും ബിജെപിയും വിശ്വാസികളില്‍ പിടിമുറുക്കുന്നുവെന്ന് തൃശൂരില്‍ നടന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ വിലയിരുത്തല്‍. ഇത്തരം വിഷയങ്ങളില്‍ വിശ്വാസികളായ പാര്‍ട്ടിയംഗങ്ങള്‍ മുഖം തിരിക്കേണ്ടതില്ലെന്ന നിര്‍ദേശവും നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രാമായണ മാസാചരണം സംഘടിപ്പിക്കാന്‍ പാര്‍ടി തീരുമാനിച്ചിരിക്കുന്നത്.

നേരത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ബദല്‍ ശോഭായാത്ര ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാര്‍ട്ടിയംഗങ്ങള്‍ മതാചാരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന പാലക്കാട് പ്ലീനം തീരുമാനം കൂടിയാണ് രാമായണ മാസാചരണത്തിലൂടെ സിപിഐഎം പുനര്‍ചിന്തനം നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here