കാസര്‍കോട് (www.mediavisionnews.in): ‘പോലീസ് ഈസ് ചീറ്റിങ്, ഐ ഡോണ്ട് ഡൂ…, മേരാ ഭയ്യാ ഛോട് ദോ മുഛേ…’ ഉപ്പളയില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ പ്രതി മിസ്‍രിയ വിധിയറിഞ്ഞ ശേഷം കോടതിവരാന്തയില്‍ അലറിവിളിച്ചു.
നാടിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വിധി ഇവര്‍ കൂപ്പുകൈകളോടെയാണ് കേട്ടത്. വിധിയറിഞ്ഞ ശേഷം കോടതിവരാന്തയിലുണ്ടായിരുന്ന ബന്ധുവായ സ്ത്രീയെ കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് കോടതിമുറിയില്‍നിന്ന് ഇറങ്ങിവന്നത്. ‘എന്റെ മക്കള്‍ക്ക് ഇനി ആരുണ്ട്’ എന്നുപറഞ്ഞാണ് കരച്ചില്‍ തുടങ്ങിയത്. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും ഭര്‍ത്താവാണ് കുറ്റം ചെയ്തതെന്നും തന്നെ ചതിച്ച ഭര്‍ത്താവിനെയാണ് തൂക്കിലേറ്റേണ്ടതെന്നും പറഞ്ഞ് പൊട്ടിക്കരച്ചില്‍ തുടര്‍ന്നു.
തുടര്‍ന്ന് കോടതിരേഖകളില്‍ ഒപ്പിടുന്നതിനായി പറഞ്ഞെങ്കിലും സമ്മതിക്കാതെ അലറിക്കരയുകയായിരുന്നു. എല്ലാവരും തന്നെ ചതിച്ചുവെന്നും നീതി ലഭിച്ചില്ലെന്നും പല ഭാഷകളിലായി ഇവര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു. ആശ്വസിപ്പിക്കാനെത്തിയ ബന്ധുക്കളെയും പോലീസുകാരെയും കോടതിജീവനക്കാരെയും ചെവിക്കൊണ്ടില്ല. കരച്ചിലും വികാരപ്രകടനങ്ങളും കോടതിനടപടിയെ ബാധിക്കാന്‍ തുടങ്ങിയതോടെ പ്രതിയെ എത്രയും പെട്ടെന്ന് കോടതിപരിസരത്തുനിന്നു കൊണ്ടുപോവണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.
വരാന്തയിലിരുന്ന് വാശിപിടിച്ച പ്രതിയെ ഏറെ പണിപ്പെട്ടാണ് കോടതിരേഖയില്‍ ഒപ്പു വാങ്ങി വനിതാ പോലീസുകാര്‍ പുറത്തേക്കു കൊണ്ടുപോയത്. കോടതിഗേറ്റ് കടക്കുമ്ബോഴും മുറ്റത്തുണ്ടായിരുന്ന ബന്ധുക്കളെ നോക്കി ദയനീയമായി കരയുകയായിരുന്നു ഇവര്‍