പാക്ക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും തടവ്

0
262

പാകിസ്ഥാൻ (www.mediavisionnews.in) അഴിമതി കേസില്‍ പാകിസ്ഥാൻ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് പത്തു വര്‍ഷവും മകള്‍ മറിയം ഷെരീഫിന് ഏഴു വര്‍ഷവും കോടതി തടവ് ശിക്ഷ വിധിച്ചു. പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നവാസ് ഷെരീഫിനെതിരെ നിലവിലുള്ള നാല് അഴിമതി കേസുകളിൽ ഒന്നിലാണ് ഇപ്പോള്‍ കോടതി വിധി പറഞ്ഞിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാല് ഫ്‌ളാറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് അഴിമതി കേസിലാണ് നവാസ് ഷെരീഫിനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയിരിക്കുന്നത്.

വിധി ഒരു ആഴ്ചത്തേക്ക് നീട്ടുന്നതിന് നവാസ് ഷെരീഫ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഈ ആവശ്യം കോടതി തള്ളിക്കളയുകയായിരുന്നു. പാക്ക് കോടതിയില്‍ വിധി കേള്‍ക്കുന്നതിന് വരാന്‍ വേണ്ടിയാണ് നവാസ് ഷെരീഫ് വിധി നീട്ടാന്‍ ആവശ്യപ്പെട്ടത്.

നവാസ് ഷെരീഫും മകള്‍ മറിയവും ഇപ്പോള്‍ ലണ്ടനിലാണ്. ഭാര്യ കുൽസും നവാസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ് ഇരുവരും ലണ്ടനില്‍ താമസിക്കുന്നത്. കാന്‍സര്‍ രോഗബാധിതയായ കുൽസും ലണ്ടനിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

നവാസ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കിയ പനാമ പേപ്പേഴ്‌സ് വെളിപ്പെടുത്തലുമായി ബന്ധപ്പെട്ടാണ് ഈ അഴിമതി കേസുകള്‍ വന്നത്.ഷരീഫിന് പുറമെ, മറിയം, മരുമകന്‍ ക്യാപ്റ്റന്‍ സഫ്ദര്‍, മറ്റു രണ്ട് മക്കളായ ഹസന്‍, ഹുസൈന്‍ തുടങ്ങിയവരും ഈ അഴിമതി കേസുകളിലെ പ്രതികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here