തിരുവനന്തപുരം (www.mediavisionnews.in): പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കണമെന്ന് ബിജെപി. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ലെനിനെ വാഴ്ത്തുന്ന പുസ്തകം ഗാന്ധിജിയെ അവഗണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. റഷ്യന്‍ വിപ്ലവത്തെ പാഠ പുസ്തകത്തില്‍ വളച്ചൊടിച്ചു. പുസ്തകം പിന്‍വലിച്ച് റഷ്യന്‍ വിപ്ലവത്തെക്കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും ഗോപാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
പത്താം ക്ലാസിലെ സമൂഹ്യ ശാസ്ത്ര പാഠപുസ്തകത്തില്‍ വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന തരത്തിലാണ് പാഠ ഭാഗങ്ങളെന്നാണ് ബിജെപിയുടെ ആരോപണം. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ഇന്ത്യന്‍ സ്വാതന്ത്യ സമരം ഉള്‍പ്പെടുത്തിയില്ല. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം, ഫ്രഞ്ച് വിപ്ലവം, ലാറ്റിന്‍ അമേരിക്കന്‍ വിപ്ലവം, റഷ്യന്‍ വിപ്ലവം, ചൈന വിപ്ലവം എന്നിവയാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. ലെനിന് നല്‍കിയ വില ഗാന്ധിജിക്ക് നല്‍കാതെ വിദ്യാര്‍ത്ഥികളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ്. ഗാന്ധിജിയെ പിണറായി സര്‍ക്കാറിന് ഭയമായതിനാലാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും ലോകത്തിലെ ഏറ്റവും സ്വാധീനിച്ച ജനകീയ വിപ്ലവമായിരുന്നു ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. രവീന്ദ്രന്‍ മാസ്റ്ററുടെ ചുവപ്പന്‍ നയമാണ് വിദ്യാര്‍ത്ഥികളില്‍ അടിച്ചേല്‍പിക്കുന്നത്.