നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട് കാരണം തിരക്കി എത്തിയ പൊലീസുകാര്‍ കണ്ടത് യജമാനന്റെ മൃതദേഹം ഭക്ഷിക്കുന്ന നായയെ

0
275

ബാങ്കോങ്ക് (www.mediavisionnews.in):  യജമാനന്‍ മരിച്ചതിനെത്തുടര്‍ന്ന് ഭക്ഷണം തരാന്‍ ആരുമില്ലാതെ വിശന്നുവലഞ്ഞ നായ ഒടുവില്‍ യജമാനന്റെ മൃതദേഹം ഭക്ഷണമാക്കി. ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്നയാളുടെ മൃതദേഹമാണ് നായ ഭക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. പോലീസ് എത്തിയപ്പോള്‍ കണ്ടത് പാതി ഭക്ഷിച്ച് വികൃതമായ ശരീരമായിരുന്നു. മുഖം മുഴുവനായും കടിച്ചു പറിച്ചിരുന്നു. വാരിയെല്ലുകള്‍ പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ബാങ്കോക്കിലാണ് ദാരുണമായ സംഭവം. ഒറ്റക്ക് താമസിക്കുന്ന ഗ്ലെന്‍ പാറ്റിന്‍സണ്‍ എന്ന 62 കാരനെയാണ് വളര്‍ത്തുനായ കുജോ ഭക്ഷണമാക്കിയത്.

ഗ്ലെന്‍ പെട്ടെന്ന് മരിച്ചപ്പോള്‍ പട്ടിണിയായ കുജോ വിശപ്പുസഹിക്കാനാകാതെ അവസാനം തന്റെ യജമാനന്റെ മൃതദേഹം അല്‍പാല്‍പ്പമായി ഭക്ഷിക്കുകയായിരുന്നു. നായയുടെ നിര്‍ത്താതെയുള്ള കുരകേട്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നോക്കുമ്പോള്‍ കണ്ടത് പാതിയോളം നഷ്ടപ്പെട്ട മനുഷ്യരൂപവും സമീപം വായയില്‍നിന്ന് ചോരയൊലിപ്പിച്ച നിലയില്‍ കുജോയെയുമായിരുന്നു. മൂന്നുവര്‍ഷമായി ഗ്ലെന്‍ ഈ ഭാഗത്ത് താമസമാക്കിയിട്ടെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് യാതൊരു അസൗകര്യവുമുണ്ടാക്കാത്ത രീതിയില്‍ ശാന്തനായി ജീവിച്ചിരുന്ന ഗ്ലെന്‍ സദാസമയവും വളര്‍ത്തുനായക്കൊപ്പമാണ് പുറത്തുപോയിരുന്നതെന്ന് അവര്‍ പറഞ്ഞു. ഓരോ ദിവസവും വ്യത്യസ്തരായ സ്ത്രീകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയിരുന്നതായും അവര്‍ പറഞ്ഞു. പ്രമേഹരോഗിയായ ഗ്ലെന്‍, അടുത്തിടെ ആശുപത്രിയെ സമീപിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

എങ്കിലും ഇയാള്‍ മരിച്ചത് എങ്ങനെയെന്നുള്ള കാര്യം ഇപ്പോഴും ദുരൂഹമാണ്. കനേഡിയന്‍ പൗരനായ ഗ്ലെന്‍ പാറ്റിന്‍സണ്‍ കുറച്ചുനാള്‍ മുന്‍പാണ് ബാങ്കോക്കില്‍ താമസമാക്കിയത്. ജീവിതം സുഖകരമാക്കാന്‍ എത്തിയ ഗ്ലെന്‍ ഓരോ ദിവസവും ഓരോ സ്ത്രീകള്‍ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ കാണാനെത്തിയ സ്ത്രീകളിലാരെങ്കിലും ഇയാളെ കൊല്ലാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.മൃതദേഹം നഗ്‌നമായാണ് കിടന്നിരുന്നതെന്നും, ഗ്ലെന്‍ മരിച്ചിട്ട് 10 ദിവസമെങ്കിലും ആയിട്ടുണ്ടാകാമെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും രീതിയിലുള്ള സംഘര്‍ഷം നടന്നതിനുള്ള തെളിവുകള്‍ വീടിനുള്ളില്‍ നിന്നും കണ്ടെത്താനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here