കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ താൽകാലിക വെയിറ്റിംങ്ങ് ഷെൽട്ടറിന്റെ നിർമ്മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിർമ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്സാണ് നിർമിക്കുക.
നഗരത്തിൽ ശൗചാലയം ഇല്ലെന്ന കാരണത്താൽ പഞ്ചായത്തിന് ഇനി അധികകാലം പഴി കേൾക്കേണ്ടിവരില്ല. അപകടാവസ്ഥയിലായ ബസ്റ്റാന്റ് ഷോപ്പിംങ്ങ് കോംപ്ലക്സ് പൊളിച്ചു മാറ്റിയ തോട് കൂടിയാണ് അതിനകത്തുണ്ടായിരുന്ന ശൗചാലയം ഇല്ലാതായത്. കഴിഞ്ഞ ആറുമാസത്തിലേറെയായി നഗരത്തിൽ എത്തുന്ന ആളുകൾക്ക് ബസ് കാത്തിരിപ്പു കേന്ദ്രവും ശൗചാലയവും ഇല്ലാത്തതിന്റെ പേരിൽ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യാപാരി വ്യവസായിയുമായി സഹകരിച്ചാണ് താൽകാലിക വെയിറ്റിംങ്ങ് ഷെൽട്ടർ പണിയുന്നത്.
വിഷയം അടിയന്തിര പ്രാധാന്യത്തോടെ എടുത്തതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലിക ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാനും സാനിറ്ററി കോംപ്ലക്സിന്റെ പണി വേഗത്തിലാക്കാനും തീരുമാനമായത്. വളരെ അടുത്ത് തന്നെ നഗരത്തോട് ചേർന്ന് ആധുനീക രീതിയിലുള്ള ശൗചാലയവും സാനിറ്ററി കോംപ്ലക്സും യതാർഥ്യമാകും. 208-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇരുപത്തി മൂന്ന് ലക്ഷം രൂപ ചിലവിൽ സാനിറ്ററി കോംപ്ലക്സ് നിർമ്മിക്കുന്നത്.
ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് വർക്ക് ഓർഡർ നൽകി കഴിഞ്ഞു. പദ്ധതി മൂന്നു മാസത്തിനകം പൂർത്തീകരിക്കാനാകുമെന്ന് പ്രസിഡന്റ് വ്യക്തമാക്കി.അതേ സമയം അഞ്ചുകോടി രൂപാ ചിലവിൽ ആധുനിക രീതിയിലുള്ള ബസ്റ്റാന്റ് കം ഷോപ്പിംങ്ങ് കോംപ്പക്സ് നിർമിക്കുവാനുള്ള പദ്ധതി പ്രവർത്തനം അന്തിമഘട്ടത്തിലാണെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എൻ.മുഹമ്മദ് അലി ,എ.കെ.ആരിഫ് എന്നിവരും സംബന്ധിച്ചു.