കാസര്‍കോട് (www.mediavisionnews.in): നടുവൊടിക്കുന്ന കുഴികളാണ് ദേശീയപാതയില്‍. കാസര്‍കോട് തലപ്പാടിമുതല്‍ കാലിക്കടവുവരെ വലുതും ചെറുതുമായുള്ള നിരവധി കുഴികള്‍. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ മഞ്ചേശ്വരംവരെയുള്ള ഭാഗത്ത് നൂറുകണക്കിന് അപകടകരമായ കുഴികളാണ് മഴക്കാലത്തിനുശേഷം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം അപകടങ്ങളില്‍പ്പെട്ട് മരണംവരെ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുചെയ്തു.
കൂടുതലായും കുഴികളില്‍വീണ് അപകടത്തില്‍പ്പെടുന്നത് ചെറുവാഹനക്കാരാണ്. രാത്രിവരുന്ന ദീര്‍ഘദൂര സഞ്ചാരികളും ചരക്കുലോറികളും ഈ കുഴികളില്‍പ്പെടുന്നു.
ദേശീയപാതയില്‍ ചെറുവത്തൂരില്‍ യുവാവിന്റെ മരണത്തിന് കാരണമായതും ഈ കുഴിയാണ്.അപകടത്തില്‍പ്പെടാത്ത യാത്രക്കാര്‍ക്ക് നടുവേദന, പുറംവേദന തുടങ്ങിയവ അനുഭവപ്പെടുന്നു.
സ്ഥിരമായി ഇതുവഴി പോകുന്ന ബസ്-ടാക്സി ഡ്രൈവര്‍മാരുടെ കാര്യമാണ് കഷ്ടം. വണ്ടിയുടെ സ്പെയര്‍പാര്‍ട്സിനും മറ്റു ചെലവുകള്‍ക്കും ഇവര്‍ക്ക് കൂടുതല്‍ ചെലവഴിക്കേണ്ടിവരുന്നു.
ഈവര്‍ഷം മഴ ശക്തമായതോടെ കൂടുതല്‍ രൂക്ഷമാവുന്നതിനു മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
കുഴിയടയ്ക്കല്‍ വൈകും
ജില്ലയില്‍ ദേശീയപാതയിലെ കുഴിയടക്കുന്ന പ്രവൃത്തി വൈകും. പലയിടത്തും അറ്റകുറ്റപ്പണിയുടെ കരാറേറ്റെടുക്കാന്‍ ആളില്ലാത്തതാണ് കുഴിയടയ്ക്കുന്നത് വൈകാന്‍ കാരണം. അറ്റകുറ്റപ്പണിക്കായി ദേശീയപാതാ അതോറിറ്റി 70 ലക്ഷം രൂപയാണ് അനുവദിച്ചത്. 2.10 കോടി രൂപ ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും അനുവദിച്ചില്ല. എന്നാല്‍ അനുവദിച്ച തുകയില്‍ കരാര്‍ ഏറ്റെടുക്കാന്‍ കഴിയില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. നാലുഭാഗങ്ങളായാണ് ജില്ലയിലെ ദേശിയപാത അറ്റകുറ്റപ്പണി നടത്താന്‍ തീരുമാനിച്ചത്. ഇതില്‍ പ്രശ്നം രൂക്ഷമായ വടക്കുഭാഗത്തെ കുമ്പള -അണങ്കൂര്‍, തലപ്പാടി-ഉപ്പള എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികളുടെ കരാറാണ് ഇതുവരെ ആരും എടുക്കാത്തത്.