വാഷിങ്ടണ്‍ (www.mediavisionnews.in) : ഓണ്‍ലൈനിലെ വ്യാജന്മാര്‍ക്കെതിരെ നിലപാട് കടുപ്പിച്ച് ട്വിറ്ററും. മെയ് ജൂണ്‍ മാസങ്ങള്‍ക്കിടെ ട്വിറ്റര്‍ ഇത്തരത്തിലുള്ള 70 മില്യണ്‍ അക്കൗണ്ടുകളാണ് അടച്ച് പൂട്ടിയത്. ഇതിന് പുറമെ ബോട്ട് ഉപയോഗിച്ചുള്ള അക്കൗണ്ട് സ്‌ക്രീനിങില്‍ മറ്റൊരു 13 മില്യണ്‍ അക്കൗണ്ടുകളും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. സംശയം തോന്നുന്ന അക്കൗണ്ടുകളോട് ഫോണ്‍ നമ്പര്‍ വേരിഫിക്കേഷന്‍ നടത്താന്‍ ആവശ്യപ്പെടും. ഇതില്‍ പരാജയപ്പെടുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുകയും വേരിഫൈ ചെയ്യുന്ന അക്കൗണ്ടുകള്‍ പുനസ്ഥാപിച്ച് നല്‍കുകയും ചെയ്യും.
ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യമായ ഇടപെടലുകള്‍ ഉറപ്പിക്കാനാണ് ട്വിറ്റര്‍ കൂടുതല്‍ ക്ലീനിങ് പ്രോസസ് നടത്തുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം മുതല്‍ നീക്കം ചെയ്യപ്പെടുന്ന അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ദ്ധനവാണ് വന്നിരിക്കുന്നതെന്നാണ് ട്വിറ്റര്‍ സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 ന്റെ ആദ്യ മൂന്ന് മാസത്തില്‍ ഫെയ്‌സ്ബുക്ക് നടത്തിയ ശുദ്ധികലശത്തില്‍ നീക്കം ചെയ്യപ്പെട്ടത് 583 മില്യണ്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളാണ്. തീവ്രവാദ അനുകൂല പ്രചരണങ്ങള്‍, വിദ്വേഷം പരത്തുന്ന പോസ്റ്റുകള്‍, ലൈംഗിക അതിക്രമങ്ങള്‍ ചിത്രീകരിച്ചവ തുടങ്ങി കമ്മ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ് ലംഘിച്ച അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ എല്ലാ ദിവസവും തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആകെ അക്കൗണ്ടുകളുടെ മൂന്ന് മുതല്‍ നാല് ശതമാനം ഇപ്പോഴും ഫെയ്ക്ക് അക്കൗണ്ടുകളാണെന്നും ഫെയ്‌സ്ബുക്ക് സമ്മതിക്കുന്നുണ്ട്.
ഈ വര്‍ഷം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തിയ സൂക്ഷ്മ നിരീക്ഷണത്തില്‍ മൂന്നിരട്ടി അധികം അപകടകരമായ പോസ്റ്റുകളാണ് ഫെയ്‌സ്ബുക്ക് കണ്ടെത്തിയത്.