ഡൽഹി (www.mediavisionnews.in) : പുതിയ ഫീച്ചറുകളുമായി അടിക്കടി മുഖം മിനുക്കലിലാണ് മെസേജിംഗ് ആപ്പായ വാട്ട്സ്ആപ്പ്. ഓരോ അപ്‌ഡേറ്റിലും ഉപയോക്താക്കളെ കാത്തിരിക്കുന്നത് നിരവധി പുത്തന്‍ മാറ്റങ്ങളാണ്. ഇപ്പോള്‍ വ്യാജ വാര്‍ത്തകള്‍ക്ക് പൂട്ടിടാനുള്ള ഒരുക്കങ്ങളിലാണ് വാട്ട്‌സ്ആപ്പ്. അതിന്റെ ഭാഗമായി സംശയാസ്പദമായ ലിങ്കുകള്‍ കണ്ടെത്തി പൂട്ടിടുന്നതിനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്ട്‌സ്ആപ്പ്. ആന്‍ഡ്രോയിഡിലെ 2.18.204 ബീറ്റാ പതിപ്പിലാണ് പുതിയ ഫീച്ചര്‍ ഒരുങ്ങുന്നത്.
ഷെയര്‍ ചെയ്യപ്പെടുന്ന ലിങ്കുകള്‍ സംശയാസ്പദമാണോ എന്ന് തിരിച്ചറിയാനുള്ള സൗകര്യമാണ് പുതിയ ഫീച്ചറിലൂടെ ഒരുക്കുന്നത്. വ്യാജ വെബ്സൈറ്റിലേക്കാണോ ഈ ലിങ്ക് ഉപയോക്താക്കളെ എത്തിക്കുക എന്ന് വാട്ട്‌സ്ആപ്പ് തിരിച്ചറിയുന്നു. ഒരു ചുവന്ന ലേബല്‍ നല്‍കിയാണ് ഈ ലിങ്കുകള്‍ പ്രശ്നമുള്ളതാണെന്ന് സൂചന വാട്ട്‌സ്ആപ്പ് നല്‍കുന്നത്. പ്രചരിക്കുന്ന ലിങ്കുകളെല്ലാം വാട്സ്ആപ്പ് നിരന്തരം പരിശോധിച്ചുകൊണ്ടിരിക്കും.
നേരത്തെ വാട്‌സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളെ സന്ദേശങ്ങള്‍ അയക്കുന്നതില്‍ നിന്നും നിയന്ത്രിക്കുന്ന സെന്റ് മെസേജ് ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. വാട്‌സ്ആപ്പിന്റെ 2.18.201 ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലും 2.18.70 ഐഓഎസ് ബീറ്റാ പതിപ്പിലുമാണ് ഈ ഫീച്ചര്‍ അവതരിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ അനിയന്ത്രിതമായി പരക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വാട്ട്‌സ്ആപ്പിന്റെ പുതിയ മുഖം മിനുക്കലുകള്‍.