അബുദാബി(www.mediavisionnews.in): അബുദാബിയില്‍ അനധികൃതമായി സ്വകാര്യവാഹനം ടാക്‌സിയായി ഉപയോഗിച്ച രണ്ടായിരത്തിലധികം ആളുകള്‍ പിടിയില്‍. അബുദാബി പോലീസ് വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയില്‍ 2198 ആളുകളാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇവരില്‍ പലരും യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സോ വിസയോ ഇല്ലാത്തവരാണെന്നും പോലീസ് അറിയിച്ചു.
ഇത്തരത്തിലുള്ള ടാക്‌സികള്‍ വലിയ സുരക്ഷാഭീഷണി ഉയര്‍ത്തുന്നതാണ്. അംഗീകാരമില്ലാത്ത ഇത്തരം വാഹനങ്ങളില്‍ യാത്രചെയ്ത പലരുടെയും വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിക്കുകയും പാതി വഴിയിലിറക്കിവിടുകയും ചെയ്യുന്നത് പതിവുവാര്‍ത്തകളാണ്. അംഗീകൃത ടാക്‌സികളില്‍ യാത്രക്കാരുടെയും ഡ്രൈവറുടെയും സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് നൂതന ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രവുമല്ല ഇത്തരം ടാക്‌സികളില്‍ സംഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരാതിപ്പെടാനുള്ള നമ്പറടക്കം നല്‍കിയിട്ടുണ്ട്.
അതിനാല്‍ തന്നെ വ്യാജടാക്‌സികള്‍ വരുത്തിവെക്കുന്ന സുരക്ഷാ പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരാകണമെന്ന് അബുദാബി പോലീസ് ഗതാഗത സുരക്ഷാവിഭാഗം ബ്രിഗേഡിയര്‍ ഇബ്രാഹിം സുല്‍ത്താന്‍ അല്‍സാബി പറഞ്ഞു. പല വ്യാജ ടാക്‌സികള്‍ക്കും ഇന്‍ഷുറന്‍സ് ഇല്ല. ഇതെല്ലാം മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
3000 ദിര്‍ഹം പിഴയും 24 ബ്ലാക്ക് പോയിന്റും വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടലുമാണ് സ്വകാര്യവാഹനങ്ങള്‍ ടാക്‌സിയായി ഉപയോഗിച്ചാലുള്ള ശിക്ഷ എന്നും അബുദാബി പോലീസ് അറിയിച്ചു.