രാംഗഡ്(www.mediavisionnews.in): പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍ 18 നാണ് തൗഹീദ് അന്‍സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഓടി വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്തുടര്‍ന്നു കൊലപ്പെടുത്തി മൃതദേഹം റെയില്‍വേ ട്രാക്കില്‍ വലിച്ചെറിയുകയായിരുന്നു.
ഒറ്റ മുറി വീട്ടില്‍ താമസിക്കുന്ന ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി നേതാക്കള്‍ കണ്ടറിഞ്ഞു. തൗഹീദിന്റെ മാതാപിതാക്കളും ഭാര്യയും രണ്ട് മക്കളും ഇവിടെയാണ് താമസം. ഒരു മകളെ വിവാഹം കഴിച്ചയച്ചു. തൗഹീദിന്റെ ഭാര്യ മനസിന്റെ താളം നഷ്ടപ്പെട്ട നിലയിലാണ്. തൗഹീദിന്റെ സഹോദരന്‍ നൗഷാദ് ആലം സംഭവങ്ങള്‍ വിശദീകരിച്ചു. ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. ഓരോ ദിവസവും ഓരോരുത്തരെ വിളിപ്പിക്കും വിട്ടയക്കും. ആ ഇറച്ചി പശുവിന്റെയാണോ എന്നറിയാന്‍ കാണിക്കുന്ന താല്‍പ്പര്യത്തിന്റെ പകുതി ഒരു മനുഷ്യന്റ കാര്യത്തില്‍ ഉണ്ടായെങ്കിലെങ്കിലെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പതാം ക്ലാസുകാരനായ മകന്‍ നവേദ് അലിയുടെയും എട്ടാം ക്ലാസുകാരിയായ മകള്‍ നാസ്‌നിന്‍ പര്‍ വീണിന്റെയും വൃദ്ധരായ തൗഹീദിന്റെ മാതാപിതാക്കളുടെയും ഭാവി അനിശ്ചിതത്വത്തിലാണ്. തീര്‍ത്തും അനാഥമായ അവസ്ഥയിലാണ് കുടുംബം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ താല്‍കാലിക സഹായം ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ കൈമാറി.
ജാര്‍ഖണ്ഡിലെ ബി ജെ പി സര്‍ക്കാര്‍ വിഷയത്തില്‍ കാണിക്കുന്ന ഇരട്ടത്താപ്പിനെ നേതാക്കള്‍ വിമര്‍ശിച്ചു. തൗഹീദിന്റെ കയ്യിലുണ്ടായിരുന്ന ഇറച്ചി പശുവിറച്ചിയാണോ എന്നറിയാന്‍ ഫോറന്‍സിക് പരിശോധനക്കയച്ച് ഫലം കാത്തിരുപ്പാണ് സര്‍ക്കാര്‍. ഒരൊറ്റ പ്രതിയെ പോലും ഇതുവരെ പിടികൂടിയിട്ടില്ല. ഇത്തരം കൊലപാതകങ്ങളുടെ കാര്യത്തില്‍ ബി ജെ പി അധികാരത്തിലിരിക്കുന്ന മുഴുവന്‍ സംസ്ഥാനങ്ങളിലും കുറ്റവാളികളെ സംരക്ഷിക്കുന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.
സഹോദരന്‍ നൗഷാദ് ആലം ഒരു വക്കീലാണ്. മുസ്‌ലിംലീഗ്, യൂത്ത് ലീഗ് നേതാക്കളുടെ പ്രതിനിധി സംഘം ജാര്‍ഖണ്ഡിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍മാരെ നേരില്‍ കാണുമെന്നും സത്വര നടപടി ഉണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരം ആരംഭിക്കുമെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചു. ജാര്‍ഖണ്ഡ് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിദ് ആലം, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് ഇര്‍ഫാന്‍ ഖാന്‍, ജനറല്‍ സെക്രട്ടറി അക്ബര്‍ അലി ഖാന്‍, ജില്ലാ ലീഗ് പ്രസിഡണ്ട് അബ്ദുള്‍ ഖയ്യും അന്‍സാരി,ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.