“സക്കാത്ത്‌ യാത്ര”യുടെ മറവില്‍ മോഷണ സംഘം; സ്‌ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ പൊലീസ്‌

0
269

കാസര്‍കോട്‌ (www.mediavisionnews.in):  ഉത്തര മലബാറിനെ മാത്രം ലക്ഷ്യമിട്ട്‌ റംസാന്‍ ആദ്യവാരം വണ്ടിയിറങ്ങിയത്‌ ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍. പ്രത്യേക പരിശീലനം കിട്ടിയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോഷണം ലക്ഷ്യമിട്ട്‌ റംസാനില്‍ കേരളത്തിലെത്തുന്നുവെന്ന്‌ പൊലീസിന്‌ നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഖംമൂടി പര്‍ദ്ദയണിഞ്ഞെത്തുന്ന “സക്കാത്ത്‌ സംഘം” സ്‌ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയാണ്‌ തട്ടിപ്പ്‌ നടത്തുന്നത്‌.

റംസാന്‍ അവസാനത്തെ പത്ത്‌ ആരംഭിച്ചുകഴിഞ്ഞാല്‍ സക്കാത്ത്‌ വിതരണം സജീവമാകുമെന്നറിയുന്നതിനാല്‍ ഇനിയുള്ള ദിവസങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതെന്ന്‌ മഹല്ലു കമ്മിറ്റികളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. കഴിഞ്ഞ റംസാനില്‍ പര്‍ദ്ദയണിഞ്ഞ്‌ പുരുഷന്മാര്‍ സ്‌ത്രീകളെ കബളിപ്പിച്ച്‌ വീട്ടിനകത്ത്‌ കയറിപ്പറ്റിയ സംഭവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരാതികൊടുക്കാന്‍ ആരും മുന്നോട്ട്‌ വന്നില്ല.

സംശയകരമായ സാഹചര്യത്തില്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വിവരം കൈമാറാന്‍ സ്‌ത്രീകള്‍ തയ്യാറാകണമെന്ന്‌ പൊലീസ്‌ നല്‍കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
അതിനിടെ നോമ്പു തുറക്കുന്ന സമയത്ത്‌ വീട്‌ പൂട്ടി ഇഫ്‌താറില്‍ പങ്കെടുക്കാന്‍ പോകുന്ന വീട്ടുകാര്‍ മോഷണ സംഘത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന്‌ ആവശ്യപ്പെട്ട്‌, മഹല്ലുകളിലും പള്ളികളിലും ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ബോധവല്‍ക്കരണ നോട്ടീസ്‌ വിതരണം ചെയ്‌തു. സ്വര്‍ണ്ണം പണം എന്നിവയുടെ സുരക്ഷ ഉറപ്പാക്കണമെന്ന്‌ വീട്ടുകാരോട്‌ മഹല്ല്‌ കമ്മിറ്റികളും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here