ഫേസ്ബുക്ക് കുത്തിപ്പൊക്കല്‍ സീസണില്‍ വശം കെട്ടോ..? എന്നാല്‍ പ്രതിവിധിയുണ്ട്

0
310

(www.mediavisionnews.in)ഫേസ്ബുക്കില്‍ ഈയടുത്ത ദിനങ്ങളിലായി ട്രെന്‍ഡായി കൊണ്ടിരിക്കുന്ന പ്രതിഭാസമാണ് ‘കുത്തിപ്പൊക്കല്‍’. നമ്മുടെ ഫേസ്ബുക്ക് ടൈം ലൈനില്‍ സുഹൃത്തുക്കളുടേയും നമ്മള്‍ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടേയും എല്ലാം പഴയ ചിത്രങ്ങള്‍ കയറി വരുന്ന ഈ കുത്തിപ്പൊക്കല്‍ പരിപാടി ഗംഭീരമായി തന്നെയാണ് കൊണ്ടാടപ്പെടുന്നത്. എന്നാല്‍ നമ്മുടെ പഴയ പോസ്റ്റുകളും ചിത്രങ്ങളും ഇതുപോലെ മറ്റുള്ളവര്‍ കുത്തിപ്പൊക്കുമ്ബോഴാണ് ശ്ശ്യോ..വേണ്ടായിരുന്നു.. എന്ന തോന്നലുണ്ടാകുന്നത്. ഇതും ഒരുതരം പുതിയ സൈബര്‍ ബുള്ളിയിംഗ് തന്നെയാണ്.

(ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ‘കുത്തിപ്പൊക്കല്‍’ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേര്.)

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗില്‍ നിന്നാണ് ഇതിന്റെ തുടക്കം. സുക്കറിന്റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇരയാക്കി. പ്രമുഖ ഹോളിവുഡ് താരം വിന്‍ ഡീസലിന്റെ പേജിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ഇതിനെക്കുറിച്ച്‌ വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.

ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് ‘കുത്തിപ്പൊക്കല്‍’ സംഭവിച്ചത്. ഇതിന് ആദ്യം ഇരയായത് പൃഥ്വിരാജാണ്. പൃഥ്വിരാജിന്റെ പേജിലെ പഴയ പോസ്റ്റുകള്‍ പലതും ന്യൂസ് ഫീഡുകളില്‍ ഒഴുകാന്‍ തുടങ്ങി. അതിന് അടിയില്‍ വന്ന പല കമന്റുകളും ട്രോളുകളായിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടി, ആസിഫ് അലി, പല നടിമാരുടെ അക്കൗണ്ടുകളിലും പേജുകളിലും ഈ പ്രതിഭാസം ആരാധകര്‍ നടത്താന്‍ തുടങ്ങി.

ഇപ്പോള്‍ രാഷ്ട്രീയക്കാരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിജെപി നേതാവ് കെ സുരേന്ദ്രന്‍ എന്നിവരൊക്കെ ഇതിന്റെ ഇരകളാണ്. ഇതിന് പുറമേയാണ് സാധാരണ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും പണികിട്ടിക്കൊണ്ടിരിക്കുന്നത്. ഫ്രണ്ട്‌സ് ലിസ്റ്റിലെ ചിലര്‍ കരുതിക്കൂട്ടി പണികൊടുക്കുകയാണ് തങ്ങളുടെ ലിസ്റ്റിലെ മറ്റുള്ളവര്‍ക്ക്. അതിനാല്‍ പൊറുതിമുട്ടിയവര്‍ ഇതില്‍ നിന്നും രക്ഷയില്ലെ എന്നാണ് ആലോചിക്കുന്നത്.

എന്നാല്‍, ഇതിനുമുണ്ട് പരിഹാരം, ആര്‍ക്കും ശല്ല്യമില്ലാതെ തന്നെ നമുക്ക് ഈ ബുള്ളിയിംഗില്‍ നിന്നും രക്ഷപ്പെടാം. ഫേസ്ബുക്കിന്റെ രീതി അനുസരിച്ച്‌ പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച്‌ മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്റെ അടിസ്ഥാനവും. അത് കൊണ്ട് തന്നെ ഏറ്റവും നല്ല കാര്യം ഫേസ്ബുക്കില്‍ പണികിട്ടും എന്ന് തോന്നുന്ന പഴയ പോസ്റ്റുകള്‍ അതിന്റെ പ്രൈവസി സെറ്റിംഗ് മാറ്റുക എന്നതാണ്.

ഈ കുത്തിപ്പൊക്കല്‍ കാലം കഴിയുംവരെ എങ്കിലും പബ്ലിക്ക് പോസ്റ്റ് ക്ലോസ് ഫ്രണ്ട്‌സിന് കാണുന്ന രീതിയിലോ, അല്ലെങ്കില്‍ ഓണ്‍ലി മീ എന്നോ മാത്രം ആക്കുക. അത് മാത്രമല്ല നിങ്ങളുടെ ഫേസ്ബുക്കിലെ പഴയപോസ്റ്റ് ആരെങ്കിലും ലൈക്ക് അടിച്ചുവെന്ന് കാണുന്ന മാത്രയില്‍ അതിന്റെ പബ്ലിക്ക് സെറ്റിംഗ് മാറ്റിയാല്‍ തടികേടില്ലാതെ തല്‍ക്കാലം രക്ഷപ്പെടാം

LEAVE A REPLY

Please enter your comment!
Please enter your name here