മഞ്ചേശ്വരം: (www.mediavisionnews.in) ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതിപ്രളയവുമായി കോളനി നിവാസികള്‍. എസ്.സി., എസ്.ടി. കോളനികള്‍ സന്ദര്‍ശിച്ച് പരാതി സ്വീകരിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് എത്തിയപ്പോഴാണ് കോളനി നിവാസികള്‍ ആവലാതികളുടെ കെട്ടഴിച്ചത്.
ഹൊസബെട്ടു അംബേദ്കര്‍ കോളനിയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മഞ്ചേശ്വരം മേഴ്സി ഹാളിലാണ് നടന്നത്. കോരിച്ചൊരിയുന്ന മഴയിലും നൂറുകണക്കിനാളുകളാണ് പരാതികളുമായി ഇവിടേക്ക് ഒഴുകിയെത്തിയത്.
കയറിക്കിടക്കാന്‍ സുരക്ഷിതമായ വീടില്ലാത്തതും സ്ഥലത്തിന് പട്ടയം കിട്ടാത്തതും സ്വന്തമായി സ്ഥലമില്ലാത്തതും പതിവാകുന്ന വൈദ്യുതിമുടക്കവും തുടങ്ങി ശ്മശാന നവീകരണ ആവശ്യം വരെയുള്ള നൂറുകണക്കിന് പരാതികളാണ് ജില്ലാ പോലീസ് മേധാവിക്കു മുന്നിലെത്തിയത്.
ജനപ്രതിനിധികള്‍ക്കും അധികൃതര്‍ക്കും പലതവണ പരാതിനല്‍കിയിട്ടും ശരിയാകാത്തതിന്റെ നിരാശ പലരുടെയും മുഖത്ത് പ്രകടമായിരുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷയോടെയാണ് ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനത്തെ അവര്‍ വരവേറ്റത്.
പരാതികള്‍ കണ്ടും കേട്ടും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയും അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ഡോ. എ.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് അധ്യക്ഷതവഹിച്ചു.
എസ്.എം.എസ്. ഡിവൈ.എസ്.പി. ഹരിശ്ചന്ദ്ര നായക്, മഞ്ചേശ്വരം എസ്.ഐ. എം.പി.ഷാജി, മഞ്ചേശ്വരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ശശികല, ബേബി ലത, എസ്.സി. െപ്രാമോട്ടര്‍ കെ.സരിത, ഗുരുവപ്പ തുടങ്ങിയവര്‍ സംസാരിച്ചു.