കാസര്‍ഗോഡ്(www.mediavisionnews.in): ജില്ലയിലെ എല്ലാ റൂട്ടുകളിലും കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് കാര്‍ഡ് അനുവദിക്കും. ഇതുസംബന്ധിച്ച് കാസര്‍ഗോഡ് ആര്‍ടിഒ ബാബു ജോണ്‍ കെഎസ്ആര്‍ടിസി ഡിടിഒയ്ക്ക് നിര്‍ദേശം നല്കി. ജില്ലാ സ്റ്റുഡന്റ്സ്ട്രാവല് ഫെസിലിറ്റി കമ്മിറ്റി യോഗത്തിലാണ് തീരുമാനമായത്. ഇനി മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ റൂട്ടുകളിലും സിറ്റി, ടൗണ്‍, ലിമിറ്റഡ് സ്റ്റോപ്പ്, ഓര്‍ഡിനറി, സര്‍വീസുകളുടെ എണ്ണം കണക്കാക്കാതെ 40 കിലോ മീറ്റര്‍ വരെ ഒറ്റ യാത്രയ്ക്ക് കണ്സഷന് അനുവദിക്കും.
നിലവില്‍ ദേശസാത്കൃത റൂട്ടായ കാഞ്ഞങ്ങാട്-കാസര്‍ഗോഡ് തീരദേശപാതയില്‍ മാത്രമായിരുന്നു വിദ്യാര്‍ഥികള്‍ക്ക് കണ്സഷന് അനുവദിച്ചിരുന്നത്. മറ്റു ജില്ലകളില്‍ എല്ലാ റൂട്ടിലും കണ്സഷന് കാര്‍ഡുകള്‍ എന്തുകൊണ്ടു നല്‍കുന്നില്ലെന്ന കളക്ടറുടെ ചോദ്യത്തിന് സാധാരണഗതിയില്‍ കൊടുക്കാറില്ലെന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയാണ് കെഎസ്ആര്‍ടിസി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഈ സുപ്രധാനമായ തീരുമാനം അധികൃതര്‍ കൈക്കൊണ്ടത്. ഒരു കെഎസ്ആര്‍ടിസി ബസ് മാത്രം സര്‍വീസ് നടത്തുന്ന നിരവധി സ്ഥലങ്ങള്‍ ജില്ലയിലുണ്ടെന്നും അവിടെയെല്ലാം ഫുള്‍ ചാര്‍ജ് വിദ്യാര്‍ഥികള്‍ യാത്ര ചെയ്യേണ്ടുന്ന അവസ്ഥയുണ്ടെന്നും ഇത് ഒരിക്കലും അംഗീകരിച്ചുകൊടുക്കാന്‍ കഴിയില്ലെന്നും ആര്‍ടിഒ പറഞ്ഞു.
15 വരെ നിലവിലുള്ള പാസ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിക്കാന്‍ യോഗം തീരുമാനിച്ചു. സ്വാശ്രയസ്ഥാപനങ്ങള്‍, പാരലല്‍ കോളജുകള്‍, അംഗീകൃത സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള എല്ലാ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേധാവികള്‍ നല്കുന്ന യാത്രാ സൗജന്യ കാര്‍ഡ്, ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യ ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിഷന് പൂര്‍ത്തിയായതിനുശേഷം 15 ദിവസത്തിനുള്ളില്‍ പാസ് നല്കുവാനും യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് അവധി ദിവസങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് യാത്രാസൗജന്യം അനുവദിക്കും. ബസില്‍ കയറുന്നതിന് വിദ്യാര്‍ഥികളെ അനാവശ്യമായി ക്യൂവില്‍ നിര്‍ത്തി ബുദ്ധിമുട്ടിക്കരുതെന്നും പരാതികള്‍ ആര്‍ടിഒയുടെ 8547639014 നമ്പറില്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ വിളിച്ചറിയിക്കാമെന്നും ജില്ലാ സ്റ്റുഡന്റ്് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു. സ്കൂളുകളിലെ ലഹരിമരുന്ന് ഉപയോഗത്തിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായി ഇടപെടണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.