കുമ്പള (www.mediavisionnews.in): നൂറുകണക്കിന് രോഗികളെത്തുന്ന കുമ്ബള സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മഴപെയ്താല്‍ വെള്ളംമുഴുവനും അകത്തുതന്നെ. ഓടുമേഞ്ഞ മേല്‍ക്കൂരയില്‍നിന്ന് വെള്ളം മുഴുവനും മുറിക്കുള്ളില്‍ വീഴുകയാണ്.
മഴവെള്ളം ശേഖരിക്കാനായി മുറിക്കുള്ളില്‍ പലയിടത്തായി ജീവനക്കാര്‍ ബക്കറ്റുകള്‍ വെച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് പണിത ഈ കെട്ടിടത്തില്‍ മഴക്കാലത്തിനുമുന്‍പായി ചെയ്യേണ്ട അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതാണ് ചോര്‍ന്നൊലിക്കാനിടയാക്കിയത്. രോഗികളുടെ കിടക്കയിലും മുറിക്കുള്ളിലും വെള്ളം തളംകെട്ടി നില്‍ക്കുന്നു.
ആസ്പത്രിയിലെത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ഇതുമൂലം നടന്നുപോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ഇതുകാരണം രൂക്ഷമായ കൊതുകുശല്യവും അനുഭവപ്പെടുന്നതായി രോഗികള്‍ പറയുന്നു. മഴക്കാലമായതിനാല്‍ പനിബാധിച്ചെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. 300-നും 400-നും ഇടയില്‍ ആളുകള്‍ ഇവിടെ നിത്യവും പരിശോധനയ്ക്കായി എത്തുന്നുണ്ട്. കുമ്പള, പുത്തിഗെ, മൊഗ്രാല്‍, ആരിക്കാടി, സീതാംഗോളി തുടങ്ങിയയിടങ്ങളിലെ ആളുകള്‍ പരിശോധനയ്ക്കായി ഇവിടെയാണെത്തുന്നത്.