ജിദ്ദ (www.mediavisionnews.in): സൗദിയില്‍ വളയം പിടിക്കാന്‍ ഇനി പെണ്‍പടയും.സൗദിയുടെ നിരത്തുകളിലൂടെ വാഹനമോടിക്കാന്‍ വനിതകള്‍ ഇനി രണ്ട് ദിവസം കൂടിക്കാത്തിരുന്നാല്‍ മതി. എന്നാല്‍ ജൂണ്‍ 24ന് മുന്‍പ് വനിതകള്‍ വാഹനമോടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ട്രാഫിക്ക് നിയമത്തിലെ ആര്‍ട്ടിക്കിള്‍ 77ല്‍ പറയുന്ന ശിക്ഷാനടപടികള്‍ക്ക് വാഹനമോടിച്ചവരും വാഹന ഉടമയും ഒരുപോലെ അര്‍ഹരായിരിക്കുമെന്ന് സൗദി ട്രാഫിക്ക് വിഭാഗം അറിയിച്ചു. അഞ്ഞൂറ് റിയാല്‍ മുതല്‍ തൊള്ളായിരം റിയാല്‍ വരെ പിഴയായിരിക്കും ശിക്ഷ.
ജൂണ്‍ 24ന് ശേഷം വാഹനമോടിക്കുന്ന വനിതകള്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവരായിരിക്കണം എന്ന കര്‍ശന നിര്‍ദ്ദേശവും ഉണ്ട്. ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാതെ പിടികൂടിയാല്‍ വാഹനം ഓടിച്ചവരും ഉടമകളും ഒരു പോലെ ശിക്ഷാര്‍ഹരായിരിക്കും. ജൂണ്‍ നാല് മുതല്‍ നിലവില്‍ അന്താരാഷ്ട്ര ഡൈവിംഗ് ലെസന്‍സുള്ള വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന നടപടിക്രമങ്ങള്‍ സൗദി ആരംഭിച്ചിരുന്നു.
സല്‍മാന്‍ രാജാവാണ് സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിങ്ങ് ലൈസന്‍സിന് അനുമതി നല്‍കിയത്. 2018 ജൂണ്‍ 24 ഞായറാഴ്ചയാണ് തീരുമാനം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നത്. പുതിയ തീരുമാനം രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് വലിയൊരു തുക ഡ്രൈവര്‍മാര്‍ക്ക് ശമ്പളം നല്‍കാന്‍ ചിലവഴിക്കേണ്ട അവസ്ഥയാണ്. അതിനെല്ലാം ഒരു മാറ്റമാണ് സൗദി സ്ത്രീകളും ആഗ്രഹിക്കുന്നത്.
എന്നാല്‍ സൗദിയില്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാനുള്ള അനുമതി നല്‍കിയതോടെ ദുരിതത്തിലായത് മലയാളി ഡ്രൈവര്‍മാരാണ്. ഇപ്പോള്‍ തന്നെ നിരവധിപേര്‍ തൊഴില്‍ നഷ്ടപ്പെട്ട് കഴിയുകയാണ്. ഇതേതുടര്‍ന്ന് പലരും നാട്ടിലേയ്ക്ക് തിരിക്കാനൊരുങ്ങുകയാണിപ്പോള്‍