സ്വന്തം ആംബുലന്‍സ് മണ്ണിട്ട് മൂടി; വാടകയ്ക്ക് ആംബുലന്‍സ് ഓടിച്ച് കാസർകോട് ജില്ലാ ആശുപത്രി

0
286

കാസർകോട് (www.mediavisionnews.in):  ജില്ലാ ആശുപത്രിക്ക് സ്വന്തമായുള്ള ആംബുലന്‍സ് അധികൃതരുടെ അനാസ്ഥമൂലം നശിക്കുന്നു.  അപകടത്തിൽപ്പെട്ട ആംബുലന്‍സുകള്‍ അറ്റകുറ്റ പണികൾ നടത്താതെ അധികൃതർ ആശുപത്രി വളപ്പിൽ ഉപേക്ഷിച്ച നിലയിലാണ്.  ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്നോളം ആംബുലന്‍സുകളാണ് ഇപ്പോള്‍ മണ്ണിട്ട് മൂടപ്പെട്ട നിലയില്‍, കാഞ്ഞങ്ങാടുള്ള ജില്ലാ ആശുപത്രിയുടെ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട് കിടക്കുന്നത്.

പട്ടിക ജാതി വികസന വകുപ്പിന്‍റെ സാമ്പത്തീക സഹായം ഉപയോഗിച്ച് വാങ്ങിയ ആംബുലന്‍സും ഇത്തരത്തില്‍ ഉപയോഗ്യ ശൂന്യമായി നശിക്കുകയാണ്.  മോർച്ചറിയോട് ചേർന്നുള്ള മാലിന്യം കത്തിക്കുന്ന ഭാഗത്താണ് ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങൾ അധികൃതരുടെ അനാസ്ഥകാരണം നശിക്കുന്നത്. വാഹനങ്ങള്‍ നിർത്തിയിട്ടിരിക്കുന്ന സ്ഥലത്ത് ഏകദേശം 25 ലോഡോളം മണ്ണിട്ട് നികത്തിയിട്ടുണ്ട്.  ഇതോടെ വാഹനങ്ങളുടെ ടയറുകൾ മണ്ണിനടിയിലായി.

അപകടത്തില്‍പ്പെടുന്ന വാഹനങ്ങൾ ആശുപത്രി വളപ്പിൽ കൊണ്ടിടുന്നതല്ലാതെ ആരോഗ്യ വകുപ്പ് തിരിഞ്ഞു നോക്കാറില്ലെന്ന്  രോഗികളുടെ കൂട്ടിരിപ്പുകാർ ആരോപിച്ചു.  ജില്ലാ  ആശുപത്രിയുടെ സഞ്ചരിക്കുന്ന നേത്രദാന ക്ലിനിക്കും ഇതിൽപ്പെടും. മണ്ണിനടിയിലായ വാഹനങ്ങളില്‍ പുല്ലുകളും വള്ളിച്ചെടികളും വളർന്ന നിലയിലാണ്.  മൂന്ന് ആംബുലൻസുകളും  ഒരു ജിപ്സിയും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  സ്വന്തം ആംബുലന്‍സുകള്‍ ഉപേക്ഷിച്ച ജില്ലാ ആശുപത്രി മാസവാടകയ്ക്ക് ടെണ്ടറെടുത്ത് സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുകയാണ്. സ്വന്തം വാഹനങ്ങളില്‍ അറ്റകുറ്റപണികള്‍ നടത്താനായി ചെലവാകുന്നതിന്‍റെ ഇരട്ടിയിലേറെ തുകയാണ് ഇത്തരത്തില്‍ സ്വകാര്യ ആംബുലന്‍സുകള്‍ ഓടിക്കുന്നതിലൂടെ ജില്ലാ ആശുപത്രിക്ക് നഷ്ടമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here