വിജയക്കുതിപ്പിനിടെ ഇഗ്നിസില്‍ തിരിച്ചടിയേറ്റ് മാരുതി, ഡീസല്‍ പതിപ്പ് നിര്‍ത്തി

0
335

ന്യൂഡല്‍ഹി (www.mediavisionnews.in): ഇന്ത്യയില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കുന്ന നിര്‍മ്മാതാക്കളാണ് മാരുതി സുസുക്കി. ആള്‍ട്ടോ, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, ബ്രെസ്സ; വില്‍പന പട്ടികയിലെ പതിവു താരങ്ങളാണിവര്‍. എന്നാല്‍ വന്‍കുതിപ്പിനിടയില്‍ ചെറിയ പാകപ്പിഴവുകള്‍ മാരുതിക്കും സംഭവിക്കാറുണ്ട്. ഇത്തവണ ഇഗ്നിസ് ഡീസലിലാണ് മാരുതിക്ക് അടിയേറ്റത്. വില്‍പനയില്ലെന്നതു തന്നെ കാരണം.

ഇക്കാരണത്താല്‍ ഇഗ്നിസ് ഡീസലിനെ മാരുതി സുസുക്കി ഇന്ത്യയില്‍ പിന്‍വലിച്ചു. ഓരോ മാസവും ഇഗ്നിസ് ഡീസലിന് ആവശ്യക്കാര്‍ ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് മാരുതിയുടെ നടപടി. എട്ടു ലക്ഷം രൂപയോളമാണ് ഇഗ്നിസ് ഡീസലിന് വില. ചെറു ഹാച്ച്ബാക്കിന് വേണ്ടി ഇത്രയും രൂപ മുടക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറല്ല.

പകരം ഇഗ്നിസ് പെട്രോളിനെ വാങ്ങാനാണ് മിക്കവര്‍ക്കും താത്പര്യം. ഇഗ്നിസ് ഡീസല്‍ ബുക്കിംഗ് മാരുതി ഡീലര്‍ഷിപ്പുകള്‍ സ്വീകരിക്കുന്നില്ലെന്നാണ് വിവരം. 2017 ജനുവരിയിലാണ് ഇഗ്നിസിനെ മാരുതി ഇന്ത്യയില്‍ കൊണ്ടുവന്നത്.

ഇഗ്നിസ് ഡീസല്‍ ഒരുങ്ങുന്നത് 1.3 ലിറ്റര്‍ DDiS നാലു സിലിണ്ടര്‍ എഞ്ചിനില്‍. 74 bhp കരുത്തും 190 Nm torque ഉം ഡീസല്‍ എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇഗ്നിസ് ഡീസലിലുണ്ട്.

പ്രതിമാസം നാലായിരം ഇഗ്നിസുകളെ മാരുതി മുടക്കം കൂടാതെ വിപണിയില്‍ വില്‍ക്കുന്നുണ്ട്. ഇതില്‍ കേവലം പത്തു ശതമാനം മാത്രമാണ് ഡീസല്‍ പതിപ്പിനുള്ള പങ്ക്. ബാക്കി 90 ശതമാനവും ഇഗ്നിസ് പെട്രോള്‍ മോഡലുകളാണ് വിറ്റുപോകുന്നത്.

പുതുതലമുറ സ്വിഫ്റ്റ്, ഡിസൈര്‍ മോഡലുകളുടെ വരവും ഇഗ്നിസിന്റെ പ്രചാരത്തെ ബാധിച്ചു. ഒപ്പം ഫോര്‍ഡ് ഫ്രീസ്റ്റൈല്‍ പോലുള്ള ചെറു കാറുകളും ഇഗ്നിസിന്റെ വിപണി ഇടിയാന്‍ കാരണമായി. പ്രീമിയം നെക്‌സ ഡീലര്‍ഷിപ്പുകള്‍ മുഖേനയാണ് ഇഗ്നിസിനെ മാരുതി വിപണിയില്‍ അണിനിരത്തുന്നത്.

ധാരാളം കസ്റ്റമൈസേഷന്‍ പാക്കേജുകളും ഫീച്ചറുകളും സമര്‍പ്പിക്കുന്ന മാരുതിയുടെ പ്രാരംഭ ഹാച്ച്ബാക്കാണ് ഇഗ്നിസ്. ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിംഗ് സംവിധാനം, 15 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ എന്നിവ ഇഗ്നിസില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, മിറര്‍ ലിങ്ക്, ആന്‍ഡ്രോയ്ഡ് ഓട്ടോ – ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി എന്നിവ അകത്തളത്തിലെ വിശേഷങ്ങളില്‍ ഉള്‍പ്പെടും. ഹാര്‍ടെക്ട് അടിത്തറയില്‍ നിന്നുള്ള മാരുതിയുടെ രണ്ടാമത്തെ കാറാണ് ഇഗ്നിസ്.

എന്തായാലും ഇഗ്നിസിന്റെ പെട്രോള്‍ പതിപ്പ് നിരയില്‍ തുടരും. 82 bhp കരുത്തും 113 Nm torque ഉം പരമാവധിയുള്ള 1.2 ലിറ്റര്‍ എഞ്ചിനാണ് ഇഗ്നിസ് പെട്രോളില്‍ ഒരുങ്ങുന്നത്. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പിലും ലഭ്യമാണ്.

4.66 ലക്ഷം രൂപ മുതലാണ് ഇഗ്നിസിന് വില ആരംഭിക്കുന്നത്. ഹ്യുണ്ടായി ഗ്രാന്‍ഡ് i10, മഹീന്ദ്ര KUV100 എന്നിവരോടാണ് ഇഗ്നിസിന്റെ അങ്കം.

LEAVE A REPLY

Please enter your comment!
Please enter your name here