മലപ്പുറം (www.mediavisionnews.in): ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ മുസ്ലിം ലീഗില്‍ അനൗദ്യോഗിക സ്ഥാനാര്‍ഥി ചര്‍ച്ചകളും തുടങ്ങി. തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ തിങ്കളാഴ്ച പാണക്കാട്ട് ചേര്‍ന്ന ഉന്നതാധികാര യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിെന്റ ഭാഗമായി പ്രവര്‍ത്തക കണ്വെന്ഷന് ജൂലൈ നാലിന് തുടക്കം കുറിക്കും. പൊന്നാനി മണ്ഡലത്തിലെ തിരൂരിലാണ് ആദ്യ കണ്വെന്ഷന്. ഒപ്പം സിറ്റിങ് സീറ്റുകളില്‍ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ പ്രാദേശിക ഘടകങ്ങളില്‍നിന്ന് അഭിപ്രായ ശേഖരണവും നടക്കുന്നുണ്ട്. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയമാണ് പാര്‍ട്ടിക്ക് വെല്ലുവിളിയാവുക.
മലപ്പുറവും പൊന്നാനിയും നിലനിര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്കാന് ഉന്നതാധികാര സമിതി തീരുമാനിച്ചിട്ടുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മലപ്പുറം യു.ഡി.എഫിെന്റ ഏറ്റവും സുരക്ഷിത മണ്ഡലമാണ്. എന്നാല്‍, പൊന്നാനിയുടെ കാര്യത്തില്‍ ചെറുതല്ലാത്ത ആശങ്ക നേതാക്കളും പ്രവര്‍ത്തകരും പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് 20 ലോക്സഭ മണ്ഡലങ്ങളിലും ലീഗ് സ്വന്തം നിലക്ക് കണ്വെന്ഷന് നടത്തുമ്ബോഴും പൊന്നാനിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജാഗ്രതയോടെ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മണ്ഡലം കൈവിടാനുള്ള സാധ്യതയും മുന്നില്‍ക്കാണുന്നു. സി.പി.എമ്മാവട്ടെ അവസരം മുതലെടുത്ത് ഇറങ്ങിക്കളിക്കാന്‍ തയാറെടുക്കുകയാണ്.
ഒരുകാലത്ത് ലക്ഷത്തിലധികം വോട്ടിന് ലീഗ് ജയിച്ചിരുന്ന മണ്ഡലമാണ് പൊന്നാനി. മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും 2009ല്‍ വലിയ മാര്‍ജിനില്‍ നിലനിര്‍ത്താനായി. എന്നാല്‍, കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രന് വി. അബ്ദുറഹ്മാന് 25,410 വോട്ടിനാണ് ഇ.ടി. മുഹമ്മദ് ബഷീറിനോട് അടിയറവ് പറഞ്ഞത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ പൊന്നാനിയിലെ യു.ഡി.എഫ് മുന്‍തൂക്കം 1,071 വോട്ടായി വീണ്ടും കുറഞ്ഞു. 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറുമെന്ന് ലീഗ് കരുതുമ്ബോഴും മറ്റൊരാളെ പരീക്ഷിക്കണമെന്ന അഭിപ്രായവുമുണ്ട്.
സി.പി.എം സ്വതന്ത്രരെ ഇറക്കി ശക്തമായ മത്സരം കാഴ്ചവെച്ചിട്ടും കഴിഞ്ഞ രണ്ട് തവണയും പിടിച്ചുനിന്ന ഇ.ടി. തന്നെ തുടരട്ടെയെന്ന പക്ഷക്കാരാണ് ഒരു വിഭാഗം. എന്നാല്‍, പി.കെ. കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം പ്രാദേശിക തലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മുന്‍ രാജ്യസഭാംഗം കൂടിയായ എം.പി. അബ്ദുസ്സമദ് സമദാനിയുടെതാണ് പരിഗണിക്കുന്ന മറ്റൊരു പേര്. പതിവുപോലെ യുവപ്രാതിനിധ്യത്തിനായി യൂത്ത് ലീഗും രംഗത്തുണ്ട്. അതേസമയം, ജില്ല സെക്രേട്ടറിയറ്റ് അംഗങ്ങള്‍ക്ക് പൊന്നാനിയിലെ ഓരോ നിയമസഭ മണ്ഡലത്തിെന്റയും ചുമതല നല്‍കിയാണ് സി.പി.എം മണ്ഡലം പിടിക്കാന്‍ കച്ചകെട്ടിയിരിക്കുന്നത്.