കോഴിക്കോട് (www.mediavisionnews.in): ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ ഇന്ന് തുടങ്ങാനിരിക്കെ ഉണ്ടചോറിന് നന്ദികാണിക്കാതിരിക്കാനാകില്ലെന്ന നിലപാടിലാണ് മലബാറിലെ പ്രവാസികള്‍. സ്വന്തം നാട് ഏതായാലും ലോകകപ്പില്‍ മത്സരിക്കുന്നില്ല. എങ്കില്‍ പിന്നെന്തിന് തങ്ങളുടെ ജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത ലാറ്റിനമേരിക്കന്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് വേണ്ടി തൊണ്ടപൊട്ടിക്കണം. പകരം ഇത്രയും കാലവും, ഇനിയങ്ങോട്ടും തങ്ങള്‍ക്ക് അന്നം തന്ന നാടായ സൗദി അറേബ്യക്കാണ് മലബാറിലെ പ്രവാസികളുടെ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ.
അന്നം തന്ന നാടിന്റെ ടീമിനോടാണ് ആരാധനയും. മലപ്പുറത്തെയും കോഴിക്കോട്ടെയും തെരുവുകളിലൊക്കെയും മറ്റു ടീമുകളുടേതിനേക്കാള്‍ പൊക്കത്തിലും തലയെടുപ്പിലും ഫ്ളക്സുകളും കട്ടൗട്ടുകളുമുയര്‍ത്തിയാണ് മലബാറിലെ പ്രവാസികള്‍ തങ്ങള്‍ക്കും കുടുംബത്തിനും ഇത്രയും നാള്‍ തണലേകിയ ഇനിയങ്ങോട്ടും തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയുള്ള നാടിനോടും അവിടുത്തെ ഫുട്ബോള്‍ ടീമിനോടുമുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്. വീടും വാഹനങ്ങളുമെല്ലാം ഇഷ്ടടീമെന്നതിലപ്പുറം വളര്‍ത്തിയ നാടെന്ന നിലിയില്‍ സൗദിയുടെ നിറമടിച്ച നിരവധി പേരെ മലബാറിലെ തെരുവുകളില്‍ ഈ ദിവസങ്ങളില്‍ കാണാനാകും.
സോഷ്യല്‍ മീഡിയകളിലും പ്രവാസികള്‍ തങ്ങളുടെ വളര്‍ത്തമ്മക്ക് വേണ്ടി പ്രചാരങ്ങള്‍ കൊഴുപ്പിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ തന്നെയാണ് ഇന്നത്തെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യയുമായി സൗദി അറേബ്യയുടെ മത്സരത്തെ വളരെ ആവേശത്തോട് കൂടി വരവേല്‍ക്കാനൊരുങ്ങിയിരിക്കുകയാണ് ഇവിടുത്തെ പ്രവാസികള്‍ മുഴുവന്‍. പിറന്ന നാട് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുക്കുന്നില്ലെങ്കില്‍ പിന്നെ ഞങ്ങളെ വളര്‍ത്തിയ നാടിനെ അല്ലാതെ മറ്റാരെ പിന്തുണക്കുമെന്നാണ് മലബാറിലെ പ്രവാസികള്‍ ചോദിക്കുന്നത്. നാട്ടില്‍ ഫ്ളക്സ് വെക്കാനും കട്ടൗട്ട് വെക്കാനുമൊക്കെയായി ലീവിന് വന്ന പ്രവാസികളും അവര്‍ക്ക് എല്ലാവിധ സാമ്ബത്തിക സഹായവുമായി ഇപ്പോഴും സൗദിയില്‍ ജോലി ചെയ്യുന്നവരും ഇവിടുത്തെ സ്ഥിരം കാഴ്ചയായി കഴിഞ്ഞു. ഇന്ന് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരുമായി ഏറ്റുമുട്ടുമ്ബോള്‍ സൗദിക്ക് വേണ്ടി മമ്ബുറത്തേക്ക് നേര്‍ച്ചനേര്‍ന്നിട്ടുള്ള പ്രവാസികളുമുണ്ട്.
സ്പാനിഷ് ലീഗില്‍ കളിച്ച ആറോളം താരങ്ങളുടെ കരുത്തിലാണ് സൗദി ഇന്ന് കളത്തിലിറങ്ങുന്നത്. ഇത് തന്നെയാണ് ആരാധകരുടെ ആത്മവിശ്വാസവും. റഷ്യയും, ഉറുഗ്വായും, ഈജിപ്തുമടങ്ങുന്ന ഗ്രൂപ്പില്‍ നിന്ന് സ്പാനിഷ് ലീഗില്‍ കളിച്ച താരങ്ങളുടെ കരുത്തുകൊണ്ട് അനായാസം രണ്ടാം റൗണ്ടിലേക്ക് സൗദി കയറുമെന്ന ഉറച്ച വിശ്വാസത്തിലാണ് മലബാറിലെ പ്രവാസികള്‍. മലയാളികളുടെ ഈ സ്നേഹവും കൂറും തിരിച്ചറിഞ്ഞാതുകൊണ്ടാകണം സൗദി അറേബ്യ തങ്ങളുടെ ടീമിന്റെ പ്രഖ്യാപനം പോലും മലയാളത്തിലാക്കിയത്.
20 ലക്ഷത്തിലധികം മലയാളികള്‍ സൗദിയില്‍ ജോലിചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 75 ശതമാനവും മലബാറില്‍ നിന്നുള്ളവരാണ്. വിശിഷ്യാ മലപ്പുറത്തുകാര്‍. മലബാറിന്റെ ഇന്നത്തെ അവസ്ഥയില്‍ കാണുന്ന എല്ലാവിധ ഉന്നമനങ്ങള്‍ക്കും ഏറ്റവും വലിയ കരുത്തായി നിന്നത് അറബിനാട്ടില്‍ ചോരനീരാക്കി പ്രവാസികള്‍ അയച്ച പണമാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ല.