‘ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നു, ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്റു, കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി യൂത്ത് ലീഗ്

0
314
(www.mediavisionnews.in)ലോകസഭാ സീറ്റ്  കേരളാ കോണ്‍ഗ്രസിനു നല്‍കിയതില്‍ ലീഗിനെ വിമര്‍ശിച്ചു രംഗത്തുവന്നവര്‍ക്കു മറുപടിയുമായി യൂത്ത്‌C സംസ്ഥാന പ്രസിഡന്റ് പി.കെ ഫിറോസ്. ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നുവെന്നും  ലീഗ് ചത്ത കുതിരയാണെന്ന് പറഞ്ഞത് ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള ഫിറോസിന്റെ പോസ്റ്റില്‍ കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ലെന്നും അതിനാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ ഉണ്ടായതെന്നും പറയുന്നു. ചരിത്രം പരിശോധിച്ചാല്‍ വിട്ടുവീഴ്ചകളുടെ ഘോഷ യാത്ര കാണാമെന്നും  എ കെ ആന്റണിക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ലീഗിന് രാജ്യസഭയില്‍ അംഗത്വം വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ടെന്നും  രണ്ട് രാജ്യസഭാ മെമ്പര്‍മാരുണ്ടായിരുന്ന ലീഗിന് ഇപ്പോഴുള്ളത് ഒന്ന് മാത്രമാണെന്നും ഫിറോസ് പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം.
ഐക്യജനാധിപത്യ മുന്നണി എന്നത് ഇന്നലെ പെയ്ത മഴയില്‍ മുളച്ചു പൊന്തിയ ഒന്നല്ല. മുന്നണിയിലെ പ്രബലരായ രണ്ട് കക്ഷികള്‍, മുസ്‌ലിം ലീഗും കോണ്‍ഗ്രസും നിരന്തരമായ പരിശ്രമത്തിലൂടെയും അതിലേറെ വിട്ടു വീഴ്ചയിലൂടെയും രൂപപ്പെടുത്തിയ സംവിധാനമാണ് യു.ഡി.എഫ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മദ്രാസ് അസംബ്ലിയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്ന ഘട്ടത്തില്‍ കോണ്‍ഗ്രസിലെ രാജാജിക്ക് മന്ത്രി സഭ രൂപീകരിക്കാന്‍ മുസ്‌ലിം ലീഗിന്റെ അഞ്ച് എം.എല്‍.എമാര്‍ നിരുപാധികം പിന്തുണ നല്‍കുകയായിരുന്നു. തലേ ദിവസം വരെ ശത്രുവിനെ പോലെ പെരുമാറിയ കോണ്‍ഗ്രസിനോട് ചരിത്രത്തിലെ ആദ്യത്തെ വിട്ടു വീഴ്ച. അങ്ങിനെയാണ് കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കുന്നത്.
ഭാഷാ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം നടന്ന 1957ലെ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിനോട് കോണ്‍ഗ്രസിന് അയിത്തമായിരുന്നു. ഓര്‍ക്കുന്നില്ലേ ലീഗ് ചത്ത കുതിരയാണെന്ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു വിശേഷിപ്പിച്ചത്. ലീഗ് ഉറങ്ങിക്കിടക്കുന്ന സിംഹമാണെന്ന് സി.എച്ച് അതിന് മറുപടി പറഞ്ഞത്. എന്നിട്ടും 1958ല്‍ ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബാഫഖി തങ്ങള്‍ പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ പിന്തുണക്കണമെന്നാണ്.
1958ല്‍ വിമോചന സമരത്തില്‍ കോണ്‍ഗ്രസും ലീഗും ഒരുമിച്ചാണ് കമ്യൂണിസ്റ്റ് ഭരണത്തിനെതിരെ പോരിനിറങ്ങിയത്. അങ്ങിനെയാണ് ഇ.എം.എസ് മന്ത്രി സഭ താഴെ പോയത്. 1960 ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ലീഗും കോണ്‍ഗ്രസും പി.എസ്.പിയും ഒന്നിച്ച് മത്സരിക്കുകയും ഭൂരിപക്ഷം നേടുകയും ചെയ്തു. എന്നാല്‍ മന്ത്രിസഭയുണ്ടാക്കുമ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞു ലീഗ് പാടില്ലെന്ന്. ലീഗിനെ പറ്റില്ലെങ്കില്‍ ഞങ്ങളുമില്ലെന്ന് പി.എസ്.പിയും. ഒടുവില്‍ വിട്ടുവീഴ്ചക്ക് തയ്യാറായത് ലീഗ്. സീതി സാഹിബ് സ്പീക്കര്‍ സ്ഥാനമേറ്റെടുത്തു. സീതി സാഹിബ് മരണപ്പെട്ടപ്പോള്‍ സി.എച്ച് സ്പീക്കറാവണമെങ്കില്‍ ആദ്യം ലീഗില്‍ നിന്നും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് വാശിപിടിച്ചു. സ്പീക്കര്‍ പദവി ഏറ്റെടുത്താല്‍ എല്ലാവരും ചെയ്യുന്ന ഒരു രാജി നേരത്തെ വേണമെന്നത് ദുര്‍വാശി മാത്രമായിരുന്നു. അവിടെയും ലീഗ് വിട്ടുവീഴ്ച ചെയ്തു.
ചരിത്രം പരിശോധിച്ചാല്‍ വിട്ടുവീഴ്ചകളുടെ ഘോഷ യാത്ര പിന്നെയും കാണാം. എ കെ ആന്റണിക്ക് വേണ്ടി ചരിത്രത്തിലാദ്യമായി ലീഗിന് രാജ്യസഭയില്‍ അംഗത്വം വേണ്ടെന്ന് വെക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് രാജ്യസഭാ മെമ്പര്‍മാരുണ്ടായിരുന്ന ലീഗിന് ഇപ്പോഴുള്ളത് ഒന്ന് മാത്രമാണ്. ലീഗിനേക്കാള്‍ അംഗബലം കുറവുള്ള സി.പി.ഐ 4 ലോക്‌സഭാ സീറ്റില്‍ മത്സരിക്കുമ്പോള്‍ ലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റിലാണ്. നിയമസഭയിലും സ്ഥിതി വ്യത്യസ്തമല്ല. യു.ഡി.എഫ് എന്ന വിശാല താല്‍പ്പര്യത്തിനാണ് ഈ വിട്ടു വീഴ്ചകളൊക്കെയും.
ലീഗ് മാത്രമല്ല കോണ്‍ഗ്രസും വിട്ടു വീഴ്ച ചെയ്തിട്ടുണ്ട്. ആര്‍.എസ്.പി യു.ഡി.എഫിലേക്ക് വന്നപ്പോള്‍ കൊല്ലം പാര്‍ലമെന്റ് സിറ്റിംഗ് സീറ്റാണ് എന്‍.കെ പ്രേമചന്ദ്രന് വിട്ടുകൊടുത്തത്. വീരേന്ദ്രകുമാര്‍ വന്നപ്പോള്‍ വെറും 4000 വോട്ടിന് സതീഷന്‍ പാച്ചേനി തോറ്റ പാലക്കാട് പാര്‍ലമെന്റ് മണ്ഡലമാണ് കോണ്‍ഗ്രസ് വിട്ടു കൊടുത്തത്. യു.ഡി.എഫ് എന്ന വിശാല താല്‍പ്പര്യം മാത്രമാണ് വിട്ടുവീഴ്ച ചെയ്യാന്‍ കോണ്‍ഗ്രസിനെയും പ്രേരിപ്പിച്ചത്. ദേശീയ തലത്തിലും കോണ്‍ഗ്രസിന്റെ ഈ വിട്ടുവീഴ്ചാ മനോഭാവം നമ്മള്‍ കണ്ടിട്ടുണ്ട്. 44 സീറ്റുള്ള ബംഗാളില്‍ 26 സീറ്റുള്ള സി.പി.എമ്മിലെ യച്ചൂരിയെ രാജ്യസഭയിലെത്തിക്കാന്‍ പിന്തുണ വാഗ്ദാനം ചെയ്തത് വിശാല താല്‍പ്പര്യമുള്ളത് കൊണ്ടാണ്. അതാണ് കര്‍ണ്ണാടകയിലും ആവര്‍ത്തിക്കപ്പെട്ടത്.
കോണ്‍ഗ്രസും ലീഗും ചേര്‍ന്നാല്‍ മാത്രം യു.ഡി.എഫ് ആവില്ല എന്നത് കൊണ്ടാണ് കേരള കോണ്‍ഗ്രസിനെ കൂടെ നിര്‍ത്താന്‍ ഇക്കണ്ട ശ്രമങ്ങളൊക്കെ ഉണ്ടായത്. അഴിമതിക്കാരനെന്ന് മാണിയെ നിരന്തരം ആക്ഷേപിച്ചിരുന്ന സി.പി.എമ്മിന് ഈയിടെ പിടി കൂടിയ മാണി പ്രേമം കേരളം മനസ്സിലാക്കിയതാണ്. ഇനി രണ്ടു മുന്നണിയിലുമില്ലെങ്കില്‍ ബി.ജെ.പി പാളയത്തില്‍ മാണി ചേക്കേറിയാലുള്ള അപകടമൊഴിവാക്കലും രാഷ്ട്രീയ ബുദ്ധിയാണ്.
താല്‍ക്കാലിക വികാരപ്രകടനമല്ല, ദീര്‍ഘ ദൃഷ്ടിയാണ് നേതാക്കള്‍ക്ക് വേണ്ടത്. പൂര്‍വികരുടെ കഠിനാധ്വാനത്തിന്റെ ഫലമായി രൂപപ്പെട്ട മുന്നണിയിലിരുന്ന് അതിന്റെ ആനുകൂല്യം നുകരുകയും പ്രതിസന്ധിയുണ്ടാവുമ്പോള്‍ അടിയില്‍ നിന്ന് മാന്തുകയും ചെയ്യുന്ന പ്രവണത ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. ചരിത്രത്തിലെ വിട്ടു വീഴ്ചകളുടെയും, കൊടുക്കല്‍ വാങ്ങലിന്റെയും, പങ്ക് വെക്കലിന്റെയും ഓര്‍മ്മകള്‍ ഊര്‍ജ്ജമാക്കി മുന്നോട്ട് കുതിക്കാനുള്ള രാഷ്ട്രീയ ആയുധത്തിന്റെ മൂര്‍ച്ച കൂട്ടുകയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ചെയ്യേണ്ടത്. അല്ലാതെ രാഷ്ട്രീയ എതിരാളികളുടെ കയ്യിലെ പാവയാവേണ്ടവരല്ല നാം….

LEAVE A REPLY

Please enter your comment!
Please enter your name here