ഭിക്ഷാടകന്‍ അല്‍പം ഉയര്‍ന്നു ചിന്തിച്ചു : ഖത്തര്‍ എയര്‍വെയ്‌സിന് നാണക്കേടായി വിമാനത്തില്‍ ഭിക്ഷ തെണ്ടുന്ന ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ പുറത്ത്

0
302

ദോഹ (www.mediavisionnews.in): യാചകര്‍ ഇല്ലാത്ത സ്ഥലങ്ങള്‍ ഇല്ല, എന്തിന് ഭിക്ഷാടന നിരോധിത മേഖലയില്‍ പോയി നോക്കിയാല്‍ അവിടെയും കാണാം ഒന്നുരണ്ടു പേരെ. തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ബസ്, ട്രെയിന്‍ തുടങ്ങി എല്ലായിടത്തും ഭിക്ഷാടനം ഇന്നൊരു സ്ഥിരം കാഴ്ചയാണ് പക്ഷേ അവിടന്നും വിട്ട്    കുറച്ചുകൂടി ന്യൂ ജനറേഷന്‍ ആയിരിക്കുകയാണ് ഇപ്പോഴത്തെ ഭിക്ഷാടകര്‍. ഈ പുതിയതരം ഭിക്ഷാടന രീതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്. സംഗതി മറ്റെന്നും അല്ല ദോഹയില്‍ നിന്നും ഷിറാസിലേക്കുള്ള ഖത്തര്‍ എയര്‍വേസ് വിമാനത്തില്‍ കയറിയ ഭിക്ഷക്കാരന്‍ പണം പിരിക്കുന്ന ഒരു ദൃശ്യത്തിന്റെ കാര്യമാണ് പറഞ്ഞു വന്നത്.

വിമാനത്തില്‍ കയറിപ്പറ്റിയ ഭിക്ഷക്കാരന്‍ പണി തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ തടയാന്‍ ശ്രമിച്ചു പക്ഷേ അപ്പോഴേക്കും പണം നല്‍കി സഹായിക്കാന്‍ യാത്രക്കാരായ ചില ഉദാരമനസ്‌കര്‍ മുന്നോട്ട് വരുകയായിരുന്നു. ഈ യാത്രക്കാര്‍ തന്നെയാണ് ഭിക്ഷക്കാരന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. വിമാനത്തില്‍ പണം പിരിച്ച ആള്‍ ഇറാന്‍ കാരനാണെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഇയാള്‍ വിമാനത്തിലെ യാത്രക്കാരനാണോ അതല്ല പണം പിരിക്കാനായി വിമാനത്തില്‍ കയറിയതാണോ, യാത്രാ ടിക്കറ്റ് നല്‍കിയതാര് എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ പലയിടങ്ങളില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. ഒപ്പം ബസിലും ട്രെയിനിലും വരുന്നത് പോലെ വിമാനത്തിലും ഇനി ഭിക്ഷക്കാര്‍ കയറി ഇറങ്ങുമോ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here