തിരുവനന്തപുരം (www.mediavisionnews.in): കനത്ത കാറ്റിലും മഴയിലും രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കിക്കിടത്തിയിരുന്ന തൊട്ടിലുള്‍പ്പെടെ മേല്‍ക്കൂര പറന്നുമാറി. മേല്‍കൂര അടുത്തുള്ള മരത്തില്‍ തട്ടി നിന്നതിനാല്‍ കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരം വെങ്ങാനൂരിലാണ് സംഭവം. ഷീറ്റ് മേഞ്ഞ മേല്‍കൂരയിലാണ് തൊട്ടില്‍ കെട്ടിയിരുന്നത്. ഇതില്‍ നല്‍കിയിട്ടുള്ള കമ്പിയിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കിടത്തുന്നതിനായി തൊട്ടിലും കെട്ടിയിരുന്നു. എന്നാല്‍, ശക്തമായ കാറ്റ് വീശിയതിനെ തുടര്‍ന്ന് മേല്‍ക്കൂര പറന്നുമാറുകയായിരുന്നു. ഈ സമയം കൂഞ്ഞ് തൊട്ടിലില്‍ ഉറങ്ങുന്നുണ്ടായിരുന്നു.
പറന്നുമാറിയ മേല്‍ക്കൂര സമീപത്തെ തെങ്ങില്‍ തട്ടി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞ് തൊട്ടിലില്‍ തൂങ്ങി കിടക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് മാതാപിതാക്കളുടെ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഏണി ഉപയോഗിച്ച് മുകളില്‍ കയറി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
താഴെ എത്തിച്ച കുഞ്ഞിനെ പ്രാഥമിക ചികിത്സയ്ക്കായി ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കുമാര്‍-ഷീബ ദമ്ബതികളുടെ കുഞ്ഞാണ് മേല്‍കൂരയ്‌ക്കൊപ്പം പറന്നു പോയത്.