കോഴിക്കോട് (www.mediavisionnews.in): കനത്ത മഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ അഞ്ചിടത്തും മലപ്പുറം ജില്ലയിലെ എടവണ്ണയിലും ഉരുള്‍പൊട്ടലില്‍ മരണവും വന്‍ നാശനഷ്ടവും. താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്ന് പേര്‍ മരിച്ചു. അബ്ദുല്‍ സലീമിന്‍റെ മകള്‍ ദില്‍ന(9)യും സഹോദരനും മറ്റൊരു കുട്ടിയുമാണ് മരിച്ചത്. ഇവിടെ 9 പേരെ കാണാതായതായി റിപ്പോര്‍ട്ടുണ്ട്. അബ്ദുല്‍ സലീമിന്‍റെതടക്കം രണ്ട് കുടുംബത്തിലെ അംഗങ്ങളെയാണ് കാണാതായത്. പലരും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം.
കട്ടിപ്പാറയില്‍ നാല് വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയിട്ടുണ്ട്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാട് ചുരത്തിലെ ഗതാഗതവും റോഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് താമരശ്ശേരി വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. വയനാട് പൊഴുതന ആറാം മയിലില്‍ മണ്ണിനടിയില്‍ കുടുങ്ങിയ രണ്ട് സ്ത്രീകളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്.
കോഴിക്കോട് ജില്ലയിലെ കക്കയം, മങ്കയം, പുല്ലൂരാംപാറ, ഈങ്ങാപ്പാറ, കട്ടിപ്പാറ എന്നിവടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. തൃശൂരില്‍ നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ 50 അംഗ ബറ്റാലിയന്‍ ഇന്ന് കോഴിക്കോട്ടെത്തും. ജില്ലാ കലക്ടര്‍ യു.വി ജോസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സേന എത്തുന്നത്. ഉരുള്‍പൊട്ടലും വെള്ളപൊക്കവും മലവെള്ളപാച്ചിലുമുണ്ടായ മേഖലകളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.