കോണ്‍ഗ്രസിനും ‘മുകളില്‍’ മുസ്ലിം ലീഗ്: മലപ്പുറം ഡിസിസി ഓഫീസ് കൊടിമരത്തില്‍ ലീഗ് പതാക; രാജ്യസഭാ സീറ്റില്‍ പ്രതിഷേധം കത്തുന്നു

0
319

മലപ്പുറം:(www.mediavisionnews.in)  കേരളാ കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചത് മലപ്പുറം ഡിസിസി ഓഫിസിലെ കൊടിമരത്തില്‍ മുസ്ലിം ലീഗിന്റെ പതാക കെട്ടി പ്രതിഷേധം. രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ മുസ്ലിം ലീഗിന്റെ സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇതാണ് കൊടിമരത്തില്‍ പതാക മാറ്റി പ്രതിഷേധിക്കാന്‍ കാരണമായത്.

മുഹമ്മദ് അബ്ദുറഹിമാന്‍ സ്മാരക ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ഡിസിസ ഓഫീസില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാല്‍, സംഭവത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. കെഎം മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദമാണ് രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ടി വന്നത്.

കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും എംഎം ഹസനും രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് കോണ്‍ഗ്രസില്‍ തന്നെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ച നീക്കം നടന്നത്. കോട്ടയം ലോക് സഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കാന്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ തീരുമാനമായി.

–– ADVERTISEMENT ––

നേരത്തെ, യുഡിഎഫ് പ്രവേശനത്തിന് തയ്യാറാണെങ്കിലും രാജ്യസഭാ സീറ്റ് വേണമെന്ന ഉറച്ച നിലപാട് കെ എം മാണി എടുത്തിരുന്നു. മുസ്ലിം ലീഗ് കേരള കോണ്‍ഗ്രസിനൊപ്പം ഉറച്ചു നിന്നതോടെയാണ് സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തയാറായത്. രാജ്യസഭാ സീറ്റുകാര്യം മാത്രമല്ല ചര്‍ച്ച ചെയ്തതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. യുഡിഎഫിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്തെന്ന് ജോസ് കെ.മാണി ഡല്‍ഹിയില്‍ പറഞ്ഞു. അതേസമയം രാജ്യസഭാ സീറ്റ് വിട്ടുനല്‍കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പുതിയ കലാപം തുടങ്ങിയിട്ടുണ്ട്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, സീറ്റ് വിട്ടുകൊടുത്തതിന്റെ പേരിലുള്ള തര്‍ക്കം കോണ്‍ഗ്രസില്‍ നിന്നു യുഡിഎഫിലേക്ക് എത്തി. ഇന്ന് സീറ്റ് സംബന്ധിച്ച് കാര്യവും കേരളാ കോണ്‍ഗ്രസിന് എമ്മിന്റെ യുഡിഎഫിലേക്കുള്ള മടങ്ങിവരവും ചര്‍ച്ച ചെയാന്‍ അടിയന്തര യുഡിഎഫ് യോഗം ചേരുന്നതിന് മുന്നേ അതൃപ്തി രേഖപ്പെടുത്തി നേതാക്കള്‍ കൂട്ടമായി രംഗത്ത്. ഇന്ന് നടക്കുന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് യുഡിഎഫ് സെക്രട്ടറിയും കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ ജോണി നെല്ലൂര്‍ അറിയിച്ചു. മാണിയെ തിരികെ കൊണ്ടു വരുന്ന കാര്യം ഇതു വരെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജോണി നെല്ലൂര്‍ വ്യക്തമാക്കി.

ഇതിനു പുറമെ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസും ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നു. കോണ്‍ഗ്രസിന് മാത്രമാണ് ഈ തീരുമാനത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമാണെന്ന് എ എ അസീസ് പറഞ്ഞത്. ലീഗിന്റെ സമ്മര്‍ദത്തിന് വഴങ്ങിയ കോണ്‍ഗ്രസും അതിന് ചുക്കാന്‍ പിടിച്ച എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും തീരുമാനത്തിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഉമ്മന്‍ ചാണ്ടി തനിച്ച് എടുത്ത തീരുമാനമല്ല. ഈ തീരുമാനത്തില്‍ ഹസനും രമേശ് ചെന്നിത്തലയ്ക്കും പങ്കാളിത്തമുണ്ടെന്ന് തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ട്. പാര്‍ട്ടിയുടെ പൊതുവികാരം മാനിക്കമെന്നാണ് തന്റെ അഭിപ്രായമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസും ലീഗും തനിച്ച് തീരുമാനമെടുത്തത് യുഡിഎഫിലെ ശക്തമായ എതിര്‍പ്പിന് കാരണമാകും.

കോണ്‍ഗ്രസില്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഷാനിമോള്‍ ഉസ്മാന്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി. ഹൈക്കമാന്‍ഡ് നിയോഗിച്ച ഉന്നത ഫോറം കെപിസിസി രാഷ്ട്രീയകാര്യ സമിതിയാണ്. ഇതിനെ നോക്കുകൂത്തിയാക്കി ചില നേതാക്കള്‍ മാത്രം തീരുമാനമെടുക്കുന്നത് ശരിയായ നടപടിയല്ല. തിങ്കളാഴ്ച്ച നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റി വയ്ക്കണം. നേതാക്കളുടെ തന്നിഷ്ടം നടപ്പാക്കാനാണ് ഈ യോഗം വിളിച്ചിരിക്കുന്നതെന്നും ഷാനിമോള്‍ കത്തില്‍ ചൂണ്ടികാട്ടുന്നു.

കേരള കോണ്‍ഗ്രസിന് എമ്മിന് സീറ്റ് ലഭിക്കുമെന്ന വിവരം വന്നതോടെ സീറ്റ് ആവശ്യപ്പെട്ട് ജോസഫ് വിഭാഗവും രംഗത്ത് വന്നു. ഒഴിവ് വരുന്ന സീറ്റില്‍ തങ്ങളുടെ പ്രതിനിധിയെ മത്സരിപ്പിക്കണമെന്നാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. കെ എം മാണി നേരിട്ട് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ സാധ്യതയുള്ള സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ സീറ്റ് നല്‍കുന്ന കാര്യത്തില്‍ വലിയ തര്‍ക്കങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

നേരത്തെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തില്‍ കോണ്‍ഗ്രസില്‍ വിമതസ്വരം ഉയര്‍ത്തി യുവ എംഎല്‍എമാര്‍ രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ആറ് യുവ എം.എല്‍.എമാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവര്‍ എല്ലാവരും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പരാതി അറിയിച്ച് അത്ത് അയച്ചു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ.എസ്.ശബരീനാഥ്, അനില്‍ അക്കര, വി.ടി.ബല്‍റാം, റോജി എം.ജോണ്‍ എന്നിവരാണ് പരാതി അയച്ചത്.

കെപിസിസി. സെക്രട്ടറി കെ.ജയന്ത് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസില്‍ തുടരുമെന്ന് ജയന്ത് വിശദീകരിച്ചു.
സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിലൂടെ കോണ്‍ഗ്രസ് നേതൃത്വം കെഎം മാണിക്ക് മുന്നില്‍ കീഴടങ്ങിയെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. ഈ തീരുമാനത്തിന് കോണ്‍ഗ്രസ് കനത്ത വില നല്‍കേണ്ടി വരും. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്ത നടപടിയാണ് ഉണ്ടായതെന്നും സുധീരന്‍ പറഞ്ഞു.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയ തീരുമാനത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്ന് കോണ്‍ഗ്രസ് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പ്രതികരിച്ചു. ഈ കളിക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്നും അദേഹം പറഞ്ഞു. അറിഞ്ഞ് കൊണ്ട് തോറ്റുകൊടുക്കുകയായിരുന്നു. യുവ നേതാക്കള്‍ പ്രതികരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണെന്നും കുര്യന്‍ ആരോപിച്ചു. എകപക്ഷീയമായ തീരുമാനമാണ് ഉണ്ടായതെന്നും പാര്‍ട്ടിയില്‍ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here