കുമ്പള (www.mediavisionnews.in) കുമ്പള ഗവ: ഹൈസ്കൂൾ വിഭാഗത്തിൽ അറബി ഒന്നാം ഭാഷയായി പഠിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് എത്തുന്ന വിദ്യാർത്ഥികളെ സ്കൂൾ അധികൃതർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് പിന്തിരിപ്പിക്കുന്ന സംഭവത്തിൽ എം.എസ്.എഫ് ജില്ലാ വിദ്യഭ്യസ ഓഫീസർക്ക് പരാതി നൽകി.
മലയാളം കന്നട വിഭാഗങ്ങളിലായി എട്ടാം തരത്തിൽ പതിമൂന്നിൽപരം ഡിവിഷനുകൾ ഉണ്ടായിരിക്കെയാണ് അറബി ഭാഷയോട് മാത്രം വിവേചനം കാട്ടുന്നത്. ഹെഡ്മാസ്റ്ററും ചില അധ്യാപകരും ചേർന്നാണ് അറബി പഠനത്തിന് പ്രവേശനം തേടിയെത്തുന്ന വിദ്യാർത്ഥികളെ പിന്തിരിപ്പിക്കുന്നത്. നിലവിലുള്ള ഫുൾടൈം എച്ച്.എസ്.എ അറബി തസ്തിക നഷ്ടപ്പെടുത്താനുള്ള ഗൂഡാലോചനയാണ് പിന്നിലെന്ന് എം.എസ്.എഫ് ആരോപിച്ചു. സൗകര്യമില്ല എന്ന കാരണം പറഞ്ഞ് അറബി പഠനം മുടക്കുന്ന സ്കൂൾ അധികൃതരുടെ സമീപനം പ്രതിഷേധാർഹമാണ്. ജില്ലാ പഞ്ചായത്തിന്റെയും കാസർകോഡ് വികസന പാക്കേജിൽ നിന്നും ക്ലാസ് മുറികൾ ഉൾപ്പെടെ നിരവധി വികസനവ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നിട്ടും സൗകര്യമില്ലെന്ന കാരണം പറച്ചിൽ പൊള്ളയാണെന്നും അറബി ഭാഷയോടുള്ള വിവേചനം തുടർന്നാൽ സ്കൂളിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾക്ക് എം.എസ്.എഫ് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് ജില്ലാ അക്ടിംങ്ങ് ജന:സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ, മണ്ഡലം സെക്രട്ടറി ജംഷീർ മൊഗ്രാൽ എന്നിവർ പറഞ്ഞു.