കാസര്‍കോഡ് (www.mediavisionnews.in):കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ മോറല്‍ പൊലീസായി മാറുന്നത് അധികാരികള്‍ തന്നെ. വ്യക്തമായ കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റികളില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ഇപ്പോള്‍ തുടര്‍കഥയായി മാറിയിരിക്കുകയാണിവിടെ.
കാമ്പസില്‍ കാര്യങ്ങള്‍ക്കെല്ലാം സംഘ്പരിവാര്‍ മയമാണ്. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ കെ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാമ്പസിനെ ആര്‍.എസ്.എസ്വത്കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ തന്നെ ആരോപിക്കുന്നു. തിരുവനന്തപുരം കൈമനം സ്വദേശിയായ ജയപ്രകാശ് ഇന്റര്‍ നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ പ്രൊഫസറാണ്. വൈസ് ചാന്‍സിലര്‍ ഗോപകുമാറും രജിസ്റ്റാര്‍ രാധാകൃഷ്ണന്‍ നായരും ജയപ്രകാശിന്റെ കളിപ്പാവകളാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
താത്കാലിക പോസ്റ്റുകളില്‍ മുഴുവന്‍ സംഘ്പരിവാര്‍ അനുകൂലികളെയാണ് നിയമിക്കുന്നത്. പല തസ്തികകളിലും സ്ഥിരനിയമനം നടത്താന്‍ അവസരമുണ്ടായിട്ടും സംഘ്പരിവാര്‍ അനുകൂലികളെ നിയമിക്കാനായി താത്കാലിക നിയമനം നടത്തുകയാണ്്. ഇതിന്റെ മറവില്‍ വലിയ അഴിമതി നടക്കുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഭരണ വിഭാഗത്തിലാണ് താത്കാലിക നിയമനങ്ങള്‍ കൂടുതല്‍ നടക്കുന്നത്. താത്കാലിക നിയമനങ്ങളുടെ മറവില്‍ അഴിമതി നടത്തുന്നതായി യു.ജി.സിക്കു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ തസ്തികകളിലുള്ള താത്കാലിക ജോലിക്കാരെ പിരിച്ചുവിടാന്‍ യു.ജി.സി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ അനാവശ്യമായ പല പോസ്റ്റുകളിലുമുള്ളവരെ പിരിച്ചുവിടാതെ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ ഭക്ഷണം തയ്യാറാക്കുന്ന കുക്കുമാരെ പിരിച്ചുവിടുകയായിരുന്നു. വളരെ അത്യാവശ്യമായ ഈ ജോലിക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സമരങ്ങളാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥി സസ്പെന്‍ഷനിലേക്കു വരെ എത്തിച്ചിരിക്കുന്നത്. ഹോസ്റ്റലിലെ കുക്കുമാരെ പിരിച്ചു വിട്ട നിലപാടിനെതിരേ നിരാഹാര സമരം നടത്തിയ വിദ്യാര്‍ത്ഥികളെ തിരഞ്ഞുപിടിച്ചു പ്രതികാരം തീര്‍ക്കുകയാണ് ഇപ്പോള്‍ അധികൃതര്‍. ശക്തമായ സമരം നടത്തുക വഴി പ്രശ്നം പരിഹരിക്കാമെന്നു അധികൃതര്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാലും പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടില്ല.
ദലിത് ഹര്‍ത്താലില്‍ പങ്കെടുത്തവര്‍ പുറത്ത്
ദലിത് ഹര്‍ത്താലില്‍ പങ്കെടുത്തവരെ യൂണിവേഴ്സിറ്റി അധികൃതര്‍ തിരഞ്ഞുപിടിച്ചു പ്രതികാരം ചെയ്യുകയാണ്. ഹോസ്റ്റലില്‍ നിന്നു പുറത്താക്കപ്പെട്ട അഞ്ചു വിദ്യാര്‍ത്ഥികള്‍ ദലിത് ഹര്‍ത്താലിനായി പോസ്റ്ററുകള്‍ പതിച്ചവരും അതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചവരുമാണ്. ഹര്‍ത്താലിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച ഒരു വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ എത്താന്‍ വൈകിയതുമായുണ്ടായ പ്രശ്നങ്ങളാണ് പെട്ടെന്ന് സസ്പെന്‍ഷനിലേക്കു വരെ എത്തിയത്. ഹോസ്റ്റലില്‍ എത്താന്‍ നേരം വൈകിയാന്‍ അതിന്റെ കാരണം എഴുതി നല്‍കി ഹോസ്റ്റലില്‍ പ്രവേശിപ്പിക്കുകയാണ് പതിവ്. എന്നാല്‍ ആ ദിവസം അവരെ ഹോസ്റ്റലില്‍ പ്രവേശിപ്പിച്ചില്ല. ഇതറിഞ്ഞപ്പോള്‍ കൂടെയുണ്ടായിരുന്നു വിദ്യാര്‍ത്ഥികള്‍ അവളുടെ ഹോസ്റ്റലിനടുത്തേക്കു പോവുകയും പ്രഭാതം വരെ അവള്‍ക്കു കാവലിരിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ മറവിലാണ് അഞ്ചു വിദ്യാര്‍ത്ഥികളെ ഹോസ്റ്റലിലില്‍ നിന്നും പുറത്താക്കിയത്.
മദ്യപിച്ചു ഗേള്‍സ് ഹോസ്റ്റലില്‍ വന്നു വഴക്കുണ്ടാക്കിയെന്നും സെക്യൂരിറ്റിയെ തെറിവിളിച്ചെന്നും മതില്‍ പെയിന്റടിച്ചു കേടുവരുത്തിയെന്നും പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്നും അഞ്ചു പേരെ പുറത്താക്കിയത്. എന്നാല്‍ വി.സിക്കു അപ്പീല്‍ നല്‍കിയപ്പോള്‍ ആ സ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും അക്രമിക്കപ്പെട്ടു എന്നു പറയുന്ന സെക്യൂരിറ്റി അവിടെയുണ്ടായിരുന്നില്ലെന്നു ബോധ്യപ്പെടുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന പഴയ ആരോപണങ്ങള്‍ ഒഴിവാക്കി ഹോസ്റ്റലില്‍ സ്ഥിരമായുണ്ടാവാറില്ല എന്ന കാരണം പറഞ്ഞു നടപടി തുടരുകയായിരുന്നു. ഇപ്പോഴും ഈ വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റലില്‍ പ്രവേശനമില്ല.
കവിത എഴുതിയാലും പുറത്ത്
ഇന്റര്‍ നാഷണല്‍ റിലേഷന്‍ ആന്റ് പൊളിറ്റിക്കല്‍ സയന്‍സില്‍ പി.ജി ചെയ്യുന്ന അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ യൂണിവേഴ്സിറ്റിയില്‍ നിന്നും തന്നെ സസ്പെന്റ് ചെയ്തിരിക്കുകയാണ്. വൈസ് ചാന്‍സിലറേയും രജിസ്ട്രാറേയും വാര്‍ഡനേയും പരസ്യമായി അവഹേളിച്ചു എന്നു പറഞ്ഞു കൊണ്ടാണ് സസ്പെന്‍ഷന്‍ നോട്ടീസ് നല്‍കിയത്. ഒരാളുടെ പേര് പോലും പരാമര്‍ശിക്കാതെ തീര്‍ത്തും കാല്‍പനികമായി തയ്യാറാക്കിയ ഒരു കുറിപ്പിന്റെ പേരിലാണ് ഈ വിദ്യാര്‍ത്ഥിയുടെ ഭാവി പോലും തകര്‍ക്കുന്ന നടപടി അധികൃതര്‍ സ്വീകരിച്ചത്. യൂണിവേഴ്സിറ്റിയുടെ പേരോ മറ്റു അധികൃതരുടെ പേരോ പരാമര്‍ശിക്കാതെ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പിനെ അധാരമാക്കിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കഥയേയും കവിതയേയും പോലും ഭയപ്പെടുകയും വിദ്യാര്‍ത്ഥികളുടെ സര്‍ഗവാസനകളെ കരിച്ചുകളയുകയും ചെയ്യുന്ന ഫാസിസത്തിന്റെ മറ്റൊരു രൂപമാണ് ഈ കേന്ദ്ര സര്‍വകലാശാലയിലും കാണുന്നത്.
നടത്തവും നൃത്തവുമെല്ലാം പുറത്തു തന്നെ , രാഷട്രീയവും പാടില്ല
മോറല്‍ പൊലീസിങ്ങിന്റെ ഏറ്റവും പുതിയ രൂപമാണ് ഈ സര്‍വകലാശാലയില്‍ കാണുന്നത്. കാമ്പസിലേക്കു വിദ്യാര്‍ത്ഥികള്‍ക്കു ഇരുചക്ര വാഹനം കൊണ്ടുവരാന്‍ പാടില്ലെന്നും സൈക്കിളുകള്‍ ഉപയോഗിക്കണമെന്നും അധികൃതര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രാവിലെ ഒഴിവു സമയത്തും രാത്രി നേരത്തും കാമ്പസിലൂടെ നടക്കണമെങ്കില്‍ നേരത്തെ അനുവാദം വാങ്ങണം. ഇത്തരത്തില്‍ ആരെങ്കിലും പിടിക്കപ്പെട്ടാല്‍ അവര്‍ക്കെതിരേ അച്ചടക്ക നടപിടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. പൊളിറ്റിക്കല്‍ യോഗങ്ങളൊന്നും ഹോസ്റ്റലില്‍ ചേരാന്‍ പാടില്ല. അതെല്ലാം അച്ചടക്ക നടപടിക്കു കാരണമാവും. വിദ്യാര്‍ത്ഥികള്‍ ധരിക്കേണ്ട ഡ്രസ്സിനു പോലും അധികൃതര്‍ നിയന്ത്രണം ഏര്‍പെടുത്തിയിരിക്കുകയാണ്. കാമ്പസിലും ക്ലാസ് റൂമിലും മെസ്സിലും ധരിക്കേണ്ട വസ്ത്രവും അധികതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. കലയും സാഹിത്യവും വിരിയുകയും സര്‍ഗാത്മകതകള്‍ തളിരിടുകയും ചെയ്യേണ്ട ഒരു വിദ്യാലയത്തെ സംഘ്പരിവാര്‍ അനുകൂലികള്‍ സര്‍ക്കാര്‍ ചെലവില്‍ ജയിലറയാക്കുന്ന കാഴ്ച്ചയാണ് കാസര്‍കോഡ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പുറത്തു വരുന്നത്.