കണ്ണൂര്‍ (www.mediavisionnews.in):കനത്തമഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലിലില്‍ കേരള- കര്‍ണാടക അന്തര്‍ സംസ്ഥാന പാത ഒലിച്ചുപോയി. കണ്ണൂര്‍ ജില്ലയിലെ അതിര്‍ത്തി മേഖലയായ മാക്കൂട്ടം എന്ന സ്ഥലത്താണ് റോഡ് പൂര്‍ണമായും ഒലിച്ചുപോയത്. ഇതേതുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. നൂറുകണക്കിനാളുകളാണ് ഗതാഗതം നിലച്ചതോടെ കാട്ടില്‍ കുടുങ്ങി.
കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി മേഖലയെ മൈസൂരു, ബെംഗളൂരു തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിരുന്ന പ്രധാന പാതയായിരുന്നു മാക്കൂട്ടം വഴിയുണ്ടായിരുന്നത്. ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്ന് മൈസൂരു ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഇപ്പോള്‍ മാനന്തവാടി വഴിയാണ് പോകുന്നത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീണതും ഗാതാഗതം തടസപ്പെടാന്‍ കാരണമായിരുന്നു. ശക്തമായ മഴയെ തുടര്‍ന്ന് റോഡ് വെള്ളത്തിനടിയിലാകുകയും ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടത്. തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ നൂറു കണക്കിനാളുകളെ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.