മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിമ്ബാര്‍ഗി കഴിഞ്ഞ ദിവസം സസ്പെന്റ് ചെയ്തിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയാണ് ഹുസൈനബ്ബ കൊല്ലപ്പെട്ടത്. കാലിക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ട് വാഹനം പിറകോട്ടെടുത്ത് നിറുത്തി വാഹനത്തിലുണ്ടായിരുന്ന നാല് പേര്‍ ഇറങ്ങി ഓടി. മൂന്നുപേര്‍ ഒരുവഴിക്കും ഹുസൈനബ്ബ മറ്റൊരു വഴിക്കുമായിരുന്നു ഒാടിയത്. പൊലീസ് ഹുസൈനബ്ബയെയാണ് പിന്തുടര്‍ന്നത്. പകല്‍ 11ന് ശേഷം ഹബ്ബയുടെ മൃതദേഹം കുന്നിന്‍മുകളില്‍ കണ്ടെത്തി. 35വര്‍ഷമായി കാലികച്ചവടം നടത്തിവരുന്ന ഹുസൈനബ്ബയെ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നേരത്തെ മര്‍ദ്ദിച്ച് മൂത്രം കുടിപ്പിച്ചതായി ആരോപണമുണ്ടായിരുന്നു.