അമേരിക്ക (www.mediavisionnews.in):ശുദ്ധവായുവും ശുദ്ധജലവുമെല്ലാം കിട്ടാക്കനിയായി മാറിക്കൊണ്ടിരിക്കുകയാണ്. മാലിന്യമില്ലാത്ത ജലത്തിനായി ആളുകള്‍ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. ഇന്ത്യയിലെ ഒരു മരത്തിന്റെ വിത്തും ഇലകളും വേരുമെല്ലാം ഉപയോഗിച്ച് എത്ര മലിനമായ ജലത്തേയും ശുദ്ധമാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. നമ്മുടെ വീട്ടുവളപ്പുകളില്‍ സമൃദ്ധമായി വളരുന്ന മുരിങ്ങയാണ് ഈ ‘അത്ഭുത’ മരം.
അമേരിക്കയിലെ കാര്‍ണെഗി മിലെന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് മുരിങ്ങയിലെ ഈ അത്ഭുത വിദ്യ കണ്ടെത്തിയത്. കലക്കവെള്ളത്തെ പോലും മുരിങ്ങ ശുദ്ധീകരിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. മലിന ജലത്തിലെ സൂക്ഷ്മാണുക്കളെ കൊല്ലുന്നതിനുള്ള കഴിവും മുരിങ്ങക്കുണ്ട്. മുരിങ്ങയില ഇട്ടു വെച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
അനവധി അമിനാമ്ലങ്ങള്‍, വിറ്റാമിന്‍ എ, സി, കാല്‍സ്യം, ഫോസ്ഫറസ്, അയഡിന്‍, ചെമ്പ്, ഇരുമ്പ്,പ്രോട്ടീന്‍, ജലാംശം, അന്നജം, കൊഴുപ്പ് എന്നീ ഘടകങ്ങള്‍കൊണ്ട് നിറഞ്ഞതാണ് മുരിങ്ങക്കായ. മുരിങ്ങയുടെ വേരില്‍നിന്നും തൊലിയില്‍നിന്നും അണുനാശക ശക്തിയുള്ള ചില ആല്‍ക്കലോയിഡുകള്‍ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. മുരിങ്ങവേര് ഉഷ്ണവീര്യവും, കൃമിഹരവും, മൂത്രവര്‍ദ്ധകവും, ആര്‍ത്തവജനകവും, നീര്‍ക്കെട്ട്,വേദന എന്നിവയെ ശമിപ്പിക്കുന്നതിനും ഉത്തമമാണെന്ന് മുമ്പ് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. മലിന ജലത്തെ ശുദ്ധീകരിക്കാനുള്ള കഴിവും ഉണ്ടെന്ന് തെളിഞ്ഞതോടെ മുരിങ്ങയുടെ പ്രാധാന്യവും വര്‍ദ്ധിക്കുകയാണ്.