മമ്മൂട്ടി ആരാധകനായ പിണറായിക്കിഷ്ടം മെഗാ സ്റ്റാറിനെ രാജ്യസഭയിലേക്ക് അയക്കാന്‍; ഷൂട്ടിംഗിന് പോലും സമയം തികയാത്ത താരത്തെ ഇപ്പഴേ അയക്കണോ എന്നു സംശയിച്ചു പാര്‍ട്ടിയിലെ ഒരു വിഭാഗം; രാജ്യസഭാ സ്ഥാനാര്‍ത്ഥി ചര്‍ച്ചയില്‍ വീണ്ടും താരമാകുന്നത് മമ്മൂട്ടി തന്നെ

0
310

തിരുവനന്തപുരം (www.mediavisionnews.in): സിനിമാ താരങ്ങള്‍ കേരളത്തില്‍ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് ഇന്ന് പുതുമയുള്ള കാര്യമല്ല. താരസംഘടനയായ അമ്മയുടെ അധ്യക്ഷനായ ഇന്നസെന്റ് ലോക്‌സഭയിലേക്ക് മത്സരിച്ചു വിജയിച്ച വ്യക്തിയാണ്. കെ ബി ഗണേശ് കുമാര്‍ ആകട്ടെ മന്ത്രിയായും എംഎല്‍എയായും ശോഭിച്ചു. ഇതിനൊക്കെ പിന്നാലെ സുരേഷ് ഗോപി രാജ്യസഭാ എംപിയാകുകയും ചെയ്തു. ഇപ്പോഴിതാ കേരളത്തില്‍ രാജ്യസഭാ സീറ്റിലേക്ക് ഒഴിവു വന്ന സാഹചര്യത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പേരും സജീവമായി ചര്‍ച്ചയാകുന്നു.

മുന്‍ മന്ത്രി ബിനോയ് വിശ്വം സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ സീറ്റില്‍ ആര്‍ക്കാണ് നറുക്കു വീഴുക എന്ന ചര്‍ച്ച ഉയര്‍ന്നത്. ഈ ചര്‍ച്ചകളുടെ കൂട്ടത്തിലാണ് മെഗസ്സ്്റ്റാര്‍ മമ്മൂട്ടിയുടെ പേര് ഉയര്‍ന്നു കേട്ടത്. കാലങ്ങളായി സിപിഎം സഹയാത്രികനാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അതുകൊണ്ട് തന്നെ അദ്ദേഹത്തെ രാജ്യസഭയിലേക്ക് അയക്കുന്നതില്‍ സിപിഎമ്മിന് താല്‍പ്പര്യമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ വലിയ താല്‍പ്പര്യമുള്ളത്.

മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയച്ചാല്‍ അത് രാഷ്ട്രീയമായും ഏറെ ഗുണകരമാകുമെന്നാണ് സിപിഎം കണക്കു കൂട്ടല്‍. എന്നാല്‍, സിനിമയുടെ തിരക്കില്‍ നില്‍ക്കുന്ന മമ്മൂട്ടിയെ രാജ്യസഭയിലേക്ക് അയക്കണോ എന്ന ചോദ്യവും ഇതോടെ ഉയരുന്നുണ്ട്. അതിനിടെ കെ.ടി.ഡി.സി. മുന്‍ ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും ആലോചനയിലുണ്ട്. എന്നാല്‍, ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ബിജെപിയുടെ സുരേഷ് ഗോപിയിലും മുന്തിയ താരത്തിളക്കമെന്ന സ്ഥാനമാണു മമ്മൂട്ടിക്കു മുന്‍തൂക്കം നല്‍കുന്നത്. രാജ്യസഭയിലെ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗമാണു സുരേഷ് ഗോപി.

ചാലക്കുടിയില്‍നിന്ന് ഇടതുസ്വതന്ത്രനായി ലോക്സഭയിലെത്തിയ ഇന്നസെന്റ് ഇനി മത്സരിക്കാന്‍ സാധ്യത കുറവാണെന്നതും മമ്മൂട്ടിക്ക് അനുകൂലമാണ്. അതുകൊണ്ടു തന്നെ സിനിമാക്കാരുടെ പ്രതിനിധി എന്ന നിലയിലും മമ്മൂട്ടി രാജ്യസഭയില്‍ എത്തിയേക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായും സിപിഎം. നേതൃത്വവുമായും അടുത്ത ബന്ധമുള്ള മമ്മൂട്ടി മുമ്ബേ സിപിഎം. സഹയാത്രികനാണ്. സിപിഎമ്മിന്റെ ടിവി ചാനലായ കൈരളിയുടെ മാതൃകമ്ബനിയായ മലയാളം കമ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനുമാണ്. ഡിവൈഎഫ്‌ഐയുടെയും മറ്റും വേദികളിലെത്തി രാഷ്ട്രീയ ആഭിമുഖ്യം പരസ്യമാക്കിയിട്ടുമുണ്ട്. അതേസമയം സിനിമാ തിരക്കിലുള്ള നടന് രാജ്യസഭയില്‍ എങ്ങനെ ശോഭിക്കാനാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

പാര്‍ലമെന്റില്‍ സിപിഎമ്മിന്റെ അംഗബലം പരിമിതമായ നിലയ്ക്ക് രാജ്യസഭയിലേക്കു സജീവ രാഷ്ട്രീയക്കാര്‍ മതിയെന്നു കേന്ദ്രനേതൃത്വം നിര്‍ദേശിച്ചാല്‍ മാത്രമേ മമ്മൂട്ടിയുടെ സാധ്യത അടയുകയുള്ളൂ. പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്കും രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് സാധ്യതയുണ്ട്. യെച്ചൂരിയുടെ രാജ്യസഭാ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പാര്‍ട്ടിക്ക് വേണ്ടി ശബ്ദിക്കുന്ന മുതിര്‍ന്ന നേതാവിനെ രാജ്യസഭയിലേക്ക് അയക്കുന്നതു നല്ലതാണെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ താല്‍പ്പര്യം. അങ്ങനെയെങ്കില്‍ എം എ ബേബിക്ക് നറുക്ക് വീഴാനും സാധ്യത കൂടുതലാണ്. വെള്ളിയാഴ്ച ചേരുന്ന യോഗത്തിലാകും സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം.

കേരളത്തില്‍ നിന്നുള്ള മൂന്നു രാജ്യസഭാംഗങ്ങളുടെ കാലാവധിയാണ് അവസാനിക്കുന്നത്. തെരഞ്ഞെടുപ്പില്‍ രണ്ടെണ്ണത്തില്‍ വിജയം നേടാനുള്ള അംഗബലം നിയമസഭയില്‍ എല്‍.ഡി.എഫിനുണ്ട്. അവ സിപിഎമ്മും സിപിഐയും പങ്കിടും. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം തര്‍ക്കത്തിലാണ്. 21 നാണു തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. പിജെ കുര്യനെതിരെ എതിര്‍പ്പുണ്ടെങ്കിലും അദ്ദേഹത്തിനു തന്നെയാണ് കൂടുതല്‍ സാധ്യത.

LEAVE A REPLY

Please enter your comment!
Please enter your name here