നിപ്പാ ഭീഷണിയില്‍ ഹജ്ജ് യാത്രയും; വൈറസ് നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും

0
314

(www.mediavisionnews.in)നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടപ്പെട്ടേക്കും. ഈ മാസം കഴിഞ്ഞാല്‍ ഹജ്ജിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാറായി. രണ്ടര മാസം മാത്രമേ ഇനി സൗദിയില്‍ നടക്കുന്ന ഹജ്ജിനുള്ളു. ഉടനെ തന്നെ നിപ്പാ നിയന്ത്രണ വിധേയമായില്ലെങ്കില്‍ ഇത്തവണ ചിലപ്പോള്‍ ഇന്ത്യക്കാര്‍ക്ക് ഹജ്ജിന് അവസരം നഷ്ടമായേക്കുമന്ന് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

നേരത്തെ ഗുജറാത്തില്‍ ചില വൈറല്‍ അസുഖങ്ങള്‍ വ്യാപകമായപ്പോള്‍ ഒരിക്കല്‍ സൗദി, ഗുജറാത്തിലുള്ളവര്‍ക്ക് ഹജ്ജിനവസരം നല്‍കിയിരുന്നില്ല. ലോക ആരോഗ്യ സംഘടന ലോക രാജ്യങ്ങള്‍ക്കെല്ലാം കേരളത്തിലെ നിപ്പായെ കുറിച്ച് ഇതിനകം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ചില രാജ്യങ്ങളിലേക്കുമുള്ള പച്ചക്കറി, ഫ്രൂട്ട്‌സ് കയറ്റുമതി നിര്‍ത്തലാക്കുകയും ചെയ്തിരിക്കുകയാണ്.

ഇന്ത്യയില്‍ നിന്നും വരുന്ന യാത്രക്കാരെ സൂക്ഷ്മ പരിശോധനക്കു വിധേയമാക്കാന്‍ നേരത്തെ യു.എ.ഇ അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഇടപെടല്‍ കാരണം ഇതു ലഘൂകരിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കു യാത്ര ചെയ്യരുതെന്ന് ഖത്തര്‍ അധികൃതരും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതുവരെ സൗദിയില്‍ നിന്നും ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്നാല്‍ സൗദിയുടെ ഇതുവരെയുള്ള നടപടികള്‍ പരിശോധിച്ചാല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്നതിനാല്‍ ഹജ്ജുമായി ബന്ധപ്പെട്ട ആരോഗ്യ വിഷയങ്ങളില്‍ കര്‍ക്കശമായ നടപടികളാണ് അവര്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ട്രാവല്‍സ് മേഖലയിലുള്ളവര്‍ പറയുന്നു.

ഇന്ത്യന്‍ ഭക്ഷണങ്ങള്‍ക്കും ഫ്രൂട്ട്‌സിനും യാത്രക്കാര്‍ക്കുമെല്ലാം ഒരുമിച്ച് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇവര്‍ പറയുന്നു. അതേ സമയം നിലവില്‍ സൗദി സര്‍ക്കാര്‍ ഒരു നിയന്ത്രണവും ഏര്‍പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here