കാസര്‍കോട് (www.mediavisionnews.in): ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നതുസംബന്ധിച്ച് യു.ഡി.എഫില്‍ ധാരണയാകാത്തതില്‍ കോണ്‍ഗ്രസില്‍ അതൃപ്തി.
കഴിഞ്ഞ ദിവസം ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ ഐ വിഭാഗം ഇക്കാര്യം ശക്തമായി ഉന്നയിച്ചു.
എന്നാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം വെച്ചുമാറുന്നത് സംബന്ധിച്ച് കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം മുസ്ലിംലീഗ് നേതൃത്വവുമായി ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പറഞ്ഞു.
സംസ്ഥാന തലത്തില്‍ ധാരണയുണ്ടെങ്കില്‍ കെ.പി.സി.സിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിലവില്‍ മുസ്ലിംലീഗിലെ എ.ജി.സി ബഷീറാണ്. രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാമെന്ന ഉറപ്പ് ലീഗ് നല്‍കിയിരുന്നുവെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പറയുന്നത്. കോണ്‍ഗ്രസിന് അര്‍ഹതയുള്ള പ്രസിഡണ്ട് സ്ഥാനം നേടിയെടുക്കാന്‍ നേതൃത്വം ശ്രമിക്കണമെന്നും പാര്‍ട്ടിയില്‍ ആവശ്യം ഉയരുന്നുണ്ട്.
ആകെയുള്ള 17 അംഗങ്ങളില്‍ യു.ഡി.എഫിന് എട്ടും ബി.ജെ.പിക്ക് രണ്ടും എല്‍.ഡി.എഫിന് ഏഴും അംഗങ്ങളാണുള്ളത്. ധാരണയുണ്ടെങ്കില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അത് തുറന്നു പറയണമെന്നും ഇല്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നത്. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം എ ഗ്രൂപ്പിനായതിനാല്‍ പ്രസിഡണ്ട് സ്ഥാനം തങ്ങള്‍ക്കുവേണമെന്ന അവകാശവാദവും ഐ ഗ്രൂപ്പ് ഉയര്‍ത്തുന്നുണ്ട്. വരുംനാളുകളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കൂടുതല്‍ മുറുകും.