(www.mediavisionnews.in) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി. കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ അമിത് ഷാ ഇടപെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് അമിത് ഷാ പറഞ്ഞു. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലെ ഗ്രൂപ്പ് പോരിനെതിരെ അമിത്ഷായുടെ ഫെയ്സ്ബുക്ക് പേജില്‍ പ്രവര്‍ത്തകരുടെ പരാതിപ്രളയമായിരുന്നു കണ്ടത്. സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നത് ചൂണ്ടിക്കാട്ടി ബൂത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ ഉള്‍പ്പെടെയാണ് ഇംഗ്ളീഷിലും മലയാളത്തിലും പരാതി പറഞ്ഞത്.
അധ്യക്ഷനില്ലാതെ ആശങ്കയിലായ ബി.ജെ.പി സംസ്ഥാന ഘടകത്തിലെ സ്വരചേര്‍ച്ചകള്‍ മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് പ്രവര്‍ത്തകരുടെ വൈകാരിക പ്രകടനം. വി.മുരളീധരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരെ പ്രതികൂട്ടിലാക്കിയാണ് പ്രവര്‍ത്തകരുടെ നീക്കം. കൂടിയാലോചനകള്‍ ഇല്ലാതെ കുമ്മനം രാജശേഖരനെ മാറ്റിയ നടപടിയിലും പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ അതൃപ്തി പരസ്യമാക്കി. അമ്മ വിഷയത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി എത്തിയ വി.മുരളീധരന്‍ എം.പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് പരസ്യമായ ചേരിപ്പോരിന്റെ ആധാരം. സ്വന്തം പാര്‍ട്ടിയിലെ വനിതാ നേതാവ് നീതിക്കുവേണ്ടി പോരാടുമ്പോള്‍ വി.മുരളീധരന്റെ നിലപാട് ശരിയല്ലെന്ന് ഫേസ്ബുക്കിലൂടെ തന്നെ മറുപക്ഷം വിമര്‍ശിച്ചു.
ഗ്രൂപ്പ് പോരില്‍ അതൃപ്തിയുള്ള ഒരുവിഭാഗം സംസ്ഥാന, ജില്ലാ നേതാക്കള്‍ കേരളത്തിലെത്തുന്ന അമിത്ഷായോട് നേരിട്ട് പരാതി പറയാനൊരുങ്ങുകയാണ്. ബൂത്ത് തലം മുതല്‍ അടിമുടി മാറ്റം വേണമെന്നാണ് ആര്‍എസ്എസിന്‍റെ നിലപാട്.